ലഖ്‌നൗ: ഇന്ധനവില വർധനവിനെ തുടർന്ന് കാളവണ്ടിയിൽ വിവാഹ ഘോഷയാത്ര നടത്തി വരനും കുടുംബാംഗങ്ങളും. ഉത്തർപ്രദേശിലെ ഡിയോറിയയിലാണ് സംഭവം. ഇന്ധനവില വർധനവ്, മലിനീകരണം തടയുക, പാരമ്പര്യങ്ങളും ആചാരങ്ങളും നിലനിർത്തുക എന്നിവ കണക്കിലെടുത്താണ് 35 കിലോമീറ്റർ അകലെയുള്ള പക്രി ബസാറിലെ വിവാഹ വേദിയിൽ എത്താൻ വരൻ ഛോട്ടെ ലാൽ പാലും ബന്ധുക്കളും കാളവണ്ടി തെരഞ്ഞെടുത്തത്.
തന്‍റെ വിവാഹ ഘോഷയാത്ര കാളവണ്ടിയിൽ നടത്തണമെന്നത് തന്‍റെ ആഗ്രഹമായിരുന്നുവെന്ന് വരൻ പറയുന്നു. പുതുതലമുറക്ക് ഇതിനെക്കുറിച്ച് അറിവില്ലെന്നും അറിയാവുന്ന പഴയ തലമുറയിൽപ്പെട്ട ആളുകൾ തന്നെ ഇത്തരമൊരു ആചാരം ഉണ്ടായിരുന്നത് മറന്നു തുടങ്ങിയെന്നും വരൻ ഛോട്ടെ ലാൽ പറഞ്ഞു.
Also Read: എം-യോഗ; പുതിയ ആപ്ലിക്കേഷനുമായി കേന്ദ്രം
പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുതിച്ചുയരുന്ന കാലഘട്ടത്തിൽ കാളവണ്ടിയിൽ ഘോഷയാത്ര നടത്തുന്നത് മലിനീകരണം കുറക്കുക മാത്രമല്ല, ചെലവ് കുറക്കാനും സഹായിക്കുമെന്നും വരന്‍റെ ബന്ധുവായ ബ്യാസ് സാഹ്നി പറഞ്ഞു.