ന്യൂഡല്‍ഹി : കൊവിഡിന്‍റ പുതിയ വകഭേദമായ ഒമിക്രോണിന്‍റെ വ്യാപനം രാജ്യത്ത് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയക്കാന്‍ തീരുമാനം.
ഒമിക്രോണ്‍ വ്യാപനം കൂടിയതോ വാക്‌സിനേഷന്‍ പുരോഗതി മന്ദഗതിയിലുള്ളതോ ആയ സംസ്ഥാനങ്ങളാണ് ഇവയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
കേരളത്തിന് പുറമേ മഹാരാഷ്ട്ര,തമിഴ്‌നാട്, പശ്ചിമബംഗാള്‍,കര്‍ണാടക, ബിഹാര്‍,ഉത്തര്‍പ്രദേശ്,ജാര്‍ഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര സംഘത്തെ അയക്കുക.
മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ കേന്ദ്ര സംഘം സംസ്ഥാനങ്ങളില്‍ തങ്ങി കൊവിഡ് പ്രതിരോധം സംബന്ധിച്ച് ആരോഗ്യ അധികൃതരുമായി കൂടിയാലോചനകള്‍ നടത്തും.
ALSO READ:മുംബൈയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്ക്
സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍, നിരീക്ഷണം,രോഗവ്യാപനം തടയല്‍, ക്ലസ്റ്ററുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര സംഘം വിലയിരുത്തും.
ആശുപത്രി കിടക്കകള്‍ ,ആംബുലന്‍സുകള്‍,വെന്‍റിലേറ്ററുകള്‍,ഓക്സിജന്‍ സിലണ്ടറുകള്‍ എന്നിവ സംസ്ഥാനങ്ങളില്‍ ആവശ്യത്തിന് ലഭ്യമാണോ എന്ന് കേന്ദ്ര സംഘം പരിശോധിക്കും. കൊവിഡ് വാക്‌സിനേഷന്‍ പുരോഗതിയും വിലയിരുത്തും.
കൊവിഡ് സാഹചര്യം വിലയിരുത്തി എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രസംഘം നിര്‍ദേശിക്കും. എല്ലാ ദിവസവും രാത്രി ഏഴ് മണിക്ക് മുമ്പായി കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ചെയ്ത കാര്യങ്ങളെ സംബന്ധിക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര സംഘം സംസ്ഥാന സര്‍ക്കാറിനും കേന്ദ്ര സര്‍ക്കാറിനും സമര്‍പ്പിക്കും.
അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്ക് പ്രകാരം 7,189 കൊവിഡ് കേസുകളാണ് രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ടുചെയ്ത ഒമിക്രോണ്‍ കേസുകളുടെ എണ്ണം 415ആയി.