കാണ്‍പൂര്‍ : ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി എം.എല്‍.സി(ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം)യും പ്രമുഖ പെര്‍ഫ്യൂം വ്യാപാരിയുമായ പുഷ്പരാജ് ജെയിനിന്‍റെ യുപിയിലെ കനൗജിലെ വീട്ടില്‍ ജിഎസ്‌ടി ഇന്‍റലിജന്‍റ്‌സിന്‍റെ റെയ്‌ഡ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍,ബോംബെ, ഗുജറാത്തിലെ സൂറത്ത്, തമിഴ്‌നാട്ടിലെ ഡിണ്ടിഗല്‍ തുടങ്ങിയ പുഷ്പരാജിന്‍റെ വ്യാപാര ആസ്ഥാനങ്ങളിലും ഒരേസമയം ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡ് നടന്നു.
സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്‍റെ അടുത്ത അനുയായിയാണ് പുഷ്പരാജ് ജെയിന്‍. റെയ്‌ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു. വിഷയത്തില്‍ അഖിലേഷ് യാദവ് ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയേക്കും. റെയ്‌ഡ് നടക്കുന്നതിനിടെ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ പുഷ്പരാജ് ജെയിനിന്‍റെ വീടീനുമുന്നില്‍ തടിച്ചുകൂടി.
കനൂജില്‍ നിന്ന് തന്നെയുള്ള മറ്റൊരു പെര്‍ഫ്യൂം വ്യാപാരിയായ പിയൂഷ് ജെയിനിന്‍റെ വീട്ടില്‍ ഈയിടെ ജിഎസ്‌ടി ഇന്‍റലിജന്‍റ്‌സ് റെയ്‌ഡ് നടത്തിയിരുന്നു. 300 കോടി രൂപയാണ് പിടിച്ചെടുത്തത്.
പിയൂഷ് ജെയിനിന്‍റെ വീട്ടിലെ റെയ്‌ഡ് അബദ്ധത്തില്‍ സംഭവിച്ചതെന്നാണ് സമാജ്‌വാദി പാര്‍ട്ടി പ്രതികരിച്ചത്. പുഷ്‌പരാജ് ജെയിനായിരുന്നു ലക്ഷ്യം. പുഷ്പരാജ് ജെയിനിന്‍റേയും പിയൂഷ് ജെയിനിന്‍റേയും പേരുകള്‍ തമ്മിലുള്ള സാമ്യമാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നും സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു.
"ആദ്യത്തെ അബദ്ധത്തിന് ശേഷം ബിജെപിയുടെ സഖ്യകക്ഷിയെ പോലെ പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഏജന്‍സി പുഷ്പരാജ് ജെയിനിന്‍റെ വീട്ടില്‍ റെയ്‌ഡ് നടത്തിയിരിക്കുന്നു. വരാന്‍ പോകുന്ന യുപി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പരാജയ ഭീതിയില്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കുകയാണ് ബിജെപി. ജനങ്ങള്‍ ഇതൊക്കെ മനസിലാക്കുന്നുണ്ട്. അവര്‍ വോട്ടിലൂടെ ഇതിന് മറുപടി നല്‍കും ", സമാജ്‌വാദി പാര്‍ട്ടി ട്വീറ്റ് ചെയ്തു. എന്നാല്‍,പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ജിഎസ്‌ടി ഇന്‍റലിജന്‍റ്സ് അധികൃതര്‍ തള്ളി.