മുംബൈ: കൊവിഡ് വ്യാപനം തടയുന്നതിനായി മഹാരാഷ്‌ട്രയിൽ 144 പ്രഖ്യാപിച്ചതിനെത്തുടർന്ന് കുടിയേറ്റ തൊഴിലാളികളുടെ പലായനം വർധിക്കുന്നു. ഇനിയൊരു ലോക്ക് ഡൗൺ വന്നാൽ അതിനെ എങ്ങനെ മറികടക്കുമെന്നാണ് ഇവരുടെ ചോദ്യം. പ്രധാനമായും ബിഹാർ ,ജാർഖണ്ഡ്,ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങുന്നത്. കഴിഞ്ഞ ദിവസം യുപിയിലേക്കുള്ള ലോകമാന്യ തിലക് എക്സ്‌പ്രസിൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് നിന്ന് 4,55,400 തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങിയത്.
അവശ്യ സേവനങ്ങൾ ഒഴിവാക്കിയാണ് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 14 ന് രാത്രി എട്ട് മുതൽ മെയ് ഒന്ന് വരെയാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിൽ 60,212 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.