ഷിരൂർ (കർണാടക): ടോൾബൂത്ത് കടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന ആംബുലൻസ് നിയന്ത്രണം വിട്ട് നാലുപേര്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ഷിരൂർ മേഖലയിലാണ് സംഭവം.
ടോൾ ബൂത്ത് ജീവനക്കാരനും രോഗിയും രണ്ട് അറ്റൻഡർമാരുമാണ് അപകടത്തില്‍ മരിച്ചത്. ടോൾ ബൂത്തിലെ സിസിടിവി കാമറയില്‍ അപകടത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ടോൾ ബൂത്ത് ജീവനക്കാർ ആംബുലൻസിന് കടന്നുപോകാനായി ബാരിക്കേഡുകൾ നീക്കുന്നത് വീഡിയോയിൽ കാണാം.
നിമിഷങ്ങൾക്കകം അതിവേഗത്തിൽ ആംബുലൻസ് കടന്നുവരുന്നു. ആംബുലന്‍സിന്‍റെ വേഗതയും മഴയുമാണ് വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടാന്‍ കാരണമെന്നാണ് പ്രഥമിക നിഗമനം. ബാരിക്കേഡ് നീക്കുകയായിരുന്ന ബൂത്ത് ജീവനക്കാരിലൊരാളെ ഇടിച്ചു തെറിപ്പിച്ച് ആംബുലന്‍സ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.