ചണ്ഡീഗഢ്: മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് അധ്യക്ഷനുമായ ക്യാപ്റ്റൻ അമരീന്ദർ സിങ് ഇന്ന് (സെപ്‌റ്റംബര്‍ 19) ബിജെപിയിൽ ചേരും. ഇതോടെ സിങ് പുതുതായി രൂപീകരിച്ച പാര്‍ട്ടി കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയില്‍ ലയിക്കും. വൈകുന്നേരം 4.30ന് ന്യൂഡല്‍ഹിയിലാണ് ചടങ്ങ്.
അമരീന്ദർ സിങ് ഇന്നലെ (സെപ്‌റ്റംബര്‍ 18) വൈകുന്നേരം ഡൽഹിയിലെത്തിയിരുന്നു. ഇന്ന് വൈകിട്ട് ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തുന്ന അമരീന്ദർ സിങ്, പാര്‍ട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദയില്‍ നിന്നും അംഗത്വമെടുക്കും. ഏഴ് മുൻ എംഎൽഎമാരുമൊത്താണ് ക്യാപ്റ്റന്‍ രാജ്യതലസ്ഥാനത്തെത്തിയത്. പുറമെ ക്യാപ്റ്റന്‍റെ മകൻ രനീന്ദർ സിങ്, മകൾ ജയ് ഇന്ദർ കൗർ, ചെറുമകൻ നിർവാൻ സിങ് എന്നിവരും ഡല്‍ഹിയിലുണ്ട്. ഇവരെല്ലാവരും ബിജെപിയില്‍ ചേരുമെന്നാണ് വിവരം.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും സിങ് കൂടിക്കാഴ്‌ച നടത്തിയിരുന്നു. 2022 ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്ന്, പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചെങ്കിലും നിരാശയായിരുന്നു ഫലം.