ന്യൂഡല്‍ഹി: ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിങിന്‍റെ പ്രസ്താവന ഞെട്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്. മുന്‍ മുഖ്യമന്ത്രി തന്‍റെയുള്ളിലെ മതേതരവാദിയായ അമരീന്ദറിനെ കൊലപ്പെടുത്തിയെന്നും ഹരീഷ് റാവത്ത് അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീര്‍ഘകാലമായി കോണ്‍ഗ്രസിന്‍റെ പാരമ്പര്യങ്ങളുമായി ബന്ധമുള്ളയാളാണ് അമരീന്ദര്‍ സിങ്. അദ്ദേഹത്തിന് മതേതരത്വത്തോടുള്ള പഴയ പ്രതിബദ്ധതയില്‍ തുടരാതെ ബിജെപിയോടൊപ്പം പോകണമെന്നാണെങ്കില്‍ ആര്‍ക്കാണ് തടയാന്‍ കഴിയുകയെന്നും ഹരീഷ് റാവത്ത് പറഞ്ഞു. കര്‍ഷകരെ പത്ത് മാസമായി അതിര്‍ത്തിയില്‍ പാര്‍പ്പിച്ച ബിജെപിയോട് ആര്‍ക്കാണ് ക്ഷമിക്കാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.
ALSO READ: 22 കോടിയുടെ ഹെറോയിനുമായി യുവതി മുംബൈ പൊലീസിന്‍റെ പിടിയില്‍
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനത്തെ അമരീന്ദര്‍ സിങിന്‍റെ രാഷ്‌ട്രീയ പ്രഖ്യാപനങ്ങള്‍ ബാധിക്കില്ല. തെരഞ്ഞെടുപ്പ് വിജയം പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഉടന്‍ തന്നെ പുതിയ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുമെന്നും മൂന്ന് കര്‍ഷക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രതിഷേധം പരിഹരിക്കപ്പെട്ടാല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നും അമരീന്ദര്‍ സിങ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.