ജയ്പൂര്‍: രാജസ്ഥാനിലെ ആൽവാറിലെ തിജാര ഗേറ്റ് മേൽപ്പാലത്തിൽ ഭിന്നശേഷിക്കാരിയായ 16കാരിയെ രക്തത്തിൽ കുളിച്ച നിലയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ സംഭത്തിൽ പൊലീസിന്‍റെ വാദം പൊളിച്ച് ഫോറൻസിക് റിപ്പോർട്ട്. ഫോറൻസിക് നടത്തിയ പരിശോധനയിൽ പെണ്‍കുട്ടിയുടെ സൽവാറിൽ നിന്ന് പുരുഷ ബീജത്തിന്‍റെ അംശം കണ്ടെടുത്തു. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്നായിരുന്നു പൊലീസിന്‍റെ വാദം.
ജനുവരി 11ന് രാത്രി 7.30ഓടെയാണ് സംസാരശേഷിയില്ലാത്ത 16കാരിയെ ഗുരുതരമായ നിലയിൽ വഴിയാത്രക്കാർ കണ്ടെത്തിയത്. പിന്നാലെ പൊലീസെത്തി കുട്ടിയെ അൽവാറിലെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ വിദഗ്‌ധ ചികിൽസക്കായി ജയ്‌പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കൂട്ടബലാത്സംഗമാണെന്നായിരുന്നു കുട്ടിയ പരിശോധിച്ച ഡോക്‌ടർമാരും അഭിപ്രായപ്പെട്ടിരുന്നത്.
ബലാത്സംഗത്തിനിരയായെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആൽവാർ പോലീസ് സൂപ്രണ്ട് തേജസ്വിനി ഗൗതം പോക്‌സോ നിയമപ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. പിന്നാലെ ഫുഡ് ഡെലിവറി ചെയ്യുന്ന ഒരു യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെണ്‍കുട്ടിയെ തന്‍റെ ബൈക്ക് ഇടിച്ചിരുന്നു എന്ന് അയാൾ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
ALSO READ: പെഗാസസ് ചാര സോഫ്‌റ്റ്‌വെയര്‍ ഇന്ത്യ വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ്
ഇതിന് പിന്നാലെ ബലാത്സംഗമല്ല വാഹനാപകടത്തിലൂടെയാണ് പെണ്‍കുട്ടിക്ക് അപകടം സംഭവിച്ചത് എന്ന നിലയിൽ പൊലീസ് കേസ് വഴിതിരിച്ചു വിടുകയാണെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു. ഫോറൻസിക് റിപ്പോർട്ടുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ പ്രസ്താവനയിറക്കാത്തത് റിപ്പോർട്ട് പൂഴ്‌ത്തിവയ്‌ക്കാൻ ശ്രമിക്കുന്നതിന്‍റെ ഭാഗമായാണെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.