ന്യൂഡൽഹി: പാർലമെന്‍റ് യോഗങ്ങളിൽ എംപിമാരെ സ്വതന്ത്രമായി സംസാരിക്കാൻ അനുവദിക്കണമെന്ന് ലോക്‌സഭ സ്‌പീക്കർ ഓം ബിർളയോട് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പി. ദേശീയ സുരക്ഷയുടെ നിർണായക വിഷയത്തിനുപകരം സായുധ സേനയുടെ യൂണിഫോമിനെ കുറിച്ച് ചർച്ച ചെയ്‌ത് പാനലിന്‍റെ സമയം പാഴാക്കുകയാണെന്ന് ആരോപിച്ച് പ്രതിരോധ പാർലമെന്‍ററി സമിതി യോഗത്തിൽ നിന്ന് കോൺഗ്രസ് പിന്മാറിയതിന് തൊട്ടുപിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥന.
കഴിഞ്ഞ ദിവസത്തെ യോഗത്തിൽ ചൈനീസ് ആക്രമണത്തെ കുറിച്ചും ലഡാക്കിലെ അതിർത്തിയിൽ സൈനികരെ സജ്ജരാക്കുന്നതിനെ കുറിച്ചും സംസാരിക്കാൻ പാനൽ ചെയർമാൻ ജുവൽ ഓറം രാഹുൽ ഗാന്ധിയെ അനുവദിച്ചിരുന്നില്ല. കരസേനയുടെയും നാവികസേനയുടെയും വ്യോമസേനയുടെയും യൂണിഫോമിന്‍റെ നിറം എന്തായിരിക്കണമെന്ന് തീരുമാനക്കേണ്ടത് രാഷ്‌ട്രീയക്കാരല്ലെന്നും അവർ തന്നെയാണെന്നും അവരെ അപമാനിക്കരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഈ വിഷയം യോഗത്തിൽ ആളിപ്പടർന്നതോടെ രാഹുൽ ഗാന്ധിയെ തുടർന്ന് സംസാരിക്കാൻ അനുവദിച്ചില്ല. ഇതോടെ രാഹുൽ ഗാന്ധി, രാജീവ് സാതവ്, രേവന്ത് റെഡ്ഡി തുടങ്ങിയവർ പുറത്തേക്കിറങ്ങി പോകുകയും ചെയ്‌തു.
ചൈനീസ് ആക്രമണവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ ആക്രമിക്കുമ്പോൾ പ്രതിരോധത്തിനുള്ള പാർലമെന്‍ററി സമിതി യോഗങ്ങൾ കോൺഗ്രസ് നേതാവ് ഒഴിവാക്കുകയാണെന്ന് പറഞ്ഞ് ബിജെപി തിരിച്ചടിച്ചു.