ഹൈദരാബാദ്: ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 ന്‍റെ ലാന്‍ഡിങിനെ കുറിച്ച് (Chandrayaan 3 Landing) സംശയം പ്രകടിപ്പിച്ച് പ്രമുഖ ചൈനീസ് ശാസ്‌ത്രജ്ഞന്‍ (Chinese Scientist) ഔയാങ് സിയുവാൻ (Ouyang Ziyuan). ചന്ദ്രയാന്‍റെ ലാന്‍ഡിങ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലല്ലെന്നാണ് മുമ്പ് ദൗത്യത്തെ പ്രകീര്‍ത്തിച്ച ഔയാങ് സിയുവാന്‍റെ മലക്കംമറിച്ചില്‍. അതേസമയം 2023 ജൂലൈ 14 ന് ശ്രീഹരിക്കോട്ടയില്‍ നിന്നും യാത്ര തിരിച്ച ഐഎസ്‌ആര്‍ഒയുടെ (ISRO) പേടകം, ഓഗസ്‌റ്റ് 23 നാണ് ചന്ദ്രന്‍റെ മറ്റാരും കാണാത്ത ദക്ഷിണധ്രുവത്തില്‍ (Lunar South Pole) ചരിത്ര ലാന്‍ഡിങ് നടത്തിയത്.
ആരോപണം അതിരുകടന്നോ?: ചന്ദ്രയാന്‍ 3 ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിനടുത്താണ് ഇറങ്ങിയതെന്ന് പറയുന്നതില്‍ കൃത്യതയില്ലെന്ന് സയൻസ് ടൈംസ് ന്യൂസ്‌പേപ്പറിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ചൈനീസ് ശാസ്‌ത്രജ്ഞന്‍ സംശയം പ്രകടിപ്പിച്ചത്. ചന്ദ്രയാൻ 3 ന്‍റെ ലാൻഡിങ് മേഖല ചന്ദ്രന്‍റെ ദക്ഷിണ ധ്രുവമല്ല. മാത്രമല്ല അത് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലെ ഹിമ മേഖലയിലുമല്ല. എല്ലാത്തിലുമുപരി അത് അന്‍റാര്‍ടിക് ധ്രുവ പ്രദേശത്തിനടുത്തുമല്ലെന്ന് ഔയാങ് സിയുവാൻ പറഞ്ഞു.
ദക്ഷിണ മേഖലയിലെ 69 ഡിഗ്രിയിലുള്ള സ്ഥലത്തെ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിനടുത്തായി കണക്കാക്കാനാവില്ലെന്നാണ് ഔയാങ് സിയുവാന്‍ ഉയര്‍ത്തുന്ന വാദം. അതായത് ചന്ദ്രന്‍റെ ദക്ഷിണധ്രുവമെന്നത് 88.5 നും 90 ഡിഗ്രിക്കും ഇടയിൽ കൃത്യമായി നിർവചിച്ചിരിക്കുന്നതായാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇതുപരിഗണിച്ചാല്‍ ചന്ദ്രയാന്‍ 3 ന്‍റെ ലാന്‍ഡിങില്‍ പൊരുത്തക്കേടുണ്ടെന്നാണ് സിയുവാന്‍ അറിയിക്കുന്നത്. അങ്ങനെയെങ്കില്‍ ധ്രുവ മേഖലയില്‍ നിന്ന് 619 കിലോമീറ്റര്‍ അകലെയായാണ് ചന്ദ്രയാന്‍ 3 ലാന്‍ഡ് ചെയ്‌തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാദം ബലപ്പെടുത്തി ഔയാങ് സിയുവാൻ: ഇതിനായി സിഡ്‌നിയിലെ മക്വെയറി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് മാത്തമാറ്റിക്കൽ ആൻഡ് ഫിസിക്കൽ സയൻസസിലെ പ്രൊഫസർ റിച്ചാർഡ് ഡി ഗ്രിജ്‌സിനെ ഉദ്ധരിക്കാനും ഔയാങ് സിയുവാന്‍റെ അഭിമുഖം പ്രസിദ്ധീകരിച്ച ചൈനീസ് മാധ്യമം മറന്നില്ല. മുഴുവന്‍ ധ്രുവ പ്രദേശവും 80 മുതല്‍ 90 ഡിഗ്രി ദക്ഷിണ മേഖലയിലാണെന്നാണ് യുഎസിന്‍റെ ബഹിരാകാശ ഏജന്‍സിയായ നാസ പറയുന്നത്. അങ്ങനെയെങ്കില്‍ ചന്ദ്രയാന്‍ 3, മുമ്പുള്ള ചാന്ദ്ര ദൗത്യങ്ങളെത്തിയതിനെക്കാള്‍ ഉയര്‍ന്ന അക്ഷാംശത്തിലും ധ്രുവ മേഖലയ്‌ക്ക് പുറത്തുമാണെന്നായിരുന്നു റിച്ചാർഡ് ഡി ഗ്രിജ്‌സിന്‍റെ കണ്ടെത്തല്‍.
എന്നാല്‍ ചന്ദ്രയാന്‍ ലക്ഷ്യം തൊട്ട ഓഗസ്‌റ്റ് 23 ന് നാസയുടെ തലവന്‍ ബില്‍ നെല്‍സണ്‍, ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലെ ലാൻഡിങിനെ പ്രശംസിച്ചുകൊണ്ട് എക്‌സില്‍ കുറിച്ച കുറിപ്പ് തെറ്റായിരുന്നോ എന്ന മറുചോദ്യവും ഉയരുന്നുണ്ട്. അതേസമയം ഇന്ത്യയുടെ വിജയദൗത്യമായ ചന്ദ്രയാന്‍ 3 നെ ചോദ്യം ചെയ്‌തുകൊണ്ടുള്ള ഔയാങ് സിയുവാന്‍റെ വാദത്തിനൊപ്പം മറ്റ് ചൈനീസ് ശാസ്‌ത്രജ്ഞരും ഒപ്പം കൂടിയിട്ടുണ്ട്.