ലഖ്‌നൗ: സ്വയരക്ഷയ്ക്കായി പിസ്‌റ്റളിൽ നിന്ന് വെടിയുതിർക്കുന്നത് ലൈസൻസ് മാനദണ്ഡങ്ങളുടെ ലംഘനമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ച്. തോക്കും വെടിയുണ്ടകളും പിടിച്ചുവച്ചതിനെതിരെ സുനിൽ ദത്ത് ത്രിപാഠി എന്നയാൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സുഭാഷ് വിദ്യാർഥിയുടെ സിംഗിൾ ബഞ്ചിന്‍റെ നിരീക്ഷണം. ത്രിപാഠിക്കെതിരായ കേസ് പ്രഥമദൃഷ്ട്യാ ആയുധ നിയമത്തിലെ സെക്ഷൻ 30 പ്രകാരമുള്ള കുറ്റമായി തോന്നുന്നില്ലെന്നും ബഞ്ച് പറഞ്ഞു.
ഹർജിക്കാരന്‍റെ പിസ്‌റ്റളും തിരകളും വിട്ടുനൽകാൻ ഉത്തരവിട്ട കോടതി, സെക്ഷൻ 30 പ്രകാരം ലൈസൻസ് വ്യവസ്ഥകൾ ലംഘിക്കുന്നത് കുറ്റമായി പ്രഖ്യാപിക്കുന്നുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ സ്വയരക്ഷയ്ക്ക് വെടിയുതിർത്തത് ആയുധ നിയമത്തിലെ ഏത് വ്യവസ്ഥയുടെ ലംഘനമാണെന്ന് കീഴ്‌ക്കോടതി വ്യക്തമാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
സംഭവത്തിൽ പ്രതികൾക്ക് മാത്രമാണ് പരിക്കേറ്റതെന്നും കോടതി കണ്ടെത്തി. സുനിൽ ദത്ത് ത്രിപാഠിയുടെ കൂട്ടുപ്രതികളിലൊരാളായ സച്ചിൻ ശർമയുടെ സഹോദരിയുടെ മൊഴി കോടതി മുഖവിലക്കെടുത്തതും നിർണായകമായി. സച്ചിൻ ശർമയെ ചിലർ മർദിക്കുന്നത് കണ്ടെന്നാണ് സഹോദരി നൽകിയ മൊഴി. തുടർന്ന് ത്രിപാഠി സച്ചിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അക്രമികൾ അയാളെയും ആക്രമിച്ചു. പിന്നീടാണ് ഇയാൾ സ്വയരക്ഷയ്ക്ക് ആകാശത്തേക്ക് വെടിയുതിർത്തതെന്ന് കോടതി നിരീക്ഷിച്ചു.
വെടിവെപ്പിൽ ആർക്കും പരിക്കേറ്റില്ലെങ്കിലും ഹർജിക്കാരനെതിരെ ഗാസിപൂർ പൊലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. സച്ചിൻ അടക്കമുള്ള കൂട്ടുപ്രതികൾക്കൊപ്പം ചേർന്ന് എതിർഭാഗത്തുള്ളവരെ കൊല്ലുക എന്ന ഉദ്ദേശത്തോടെ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് എടുത്ത കേസിൽ ആരോപിച്ചിരുന്നു.
അന്വേഷണത്തിന് ശേഷം മറ്റ് വകുപ്പുകൾക്കൊപ്പം ആയുധ നിയമത്തിലെ സെക്ഷൻ 30 കൂടി ചേർത്താണ് ഹർജിക്കാരനെതിരെ ഗാസിപൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം, ലൈസൻസുള്ള തന്‍റെ പിസ്‌റ്റളും നാല് വെടിയുണ്ടകളും വിട്ടുകിട്ടാൻ സുനിൽ ദത്ത് ത്രിപാഠി കീഴ്‌ക്കോടതിയിൽ അപേക്ഷ നൽകി. കോടതി അത് നിരസിച്ചതിനെ തുടർന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.
- " class="align-text-top noRightClick twitterSection" data="">