ബെംഗളൂരു : ഒരു നാള്‍ രാജ്യത്തെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ആര്‍.എസ്.എസിന്‍റെ ഭാഗമാകുമെന്ന അവകാശ വാദവുമായി ബിജെപി നേതാവും മന്ത്രിയുമായ ഈശ്വരപ്പ. കര്‍ണാടക നിയസമഭയില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു സംഭവം. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ സംസാരിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്
നമ്മള്‍ പല പാര്‍ട്ടികളില്‍പ്പെട്ടവരാണ്. കോണ്‍ഗ്രസ്, ബി.ജെ.പി ആര്‍.എസ്.എസ് എന്നിങ്ങനെ ഓരോന്നിലും വിശ്വസിക്കുന്നുണ്ടെങ്കിലും വ്യക്തി ബന്ധങ്ങളില്‍ അത് കാണിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ സ്പീക്കര്‍ വിശ്വേശര്‍ ഹെഗ്ഡേ കഗേരി "നമ്മുടെ ആര്‍.എസ്.എസ്" എന്ന് പറഞ്ഞ് മറുപടി തുടങ്ങി.
എന്നാല്‍ നമ്മുടെ ആര്‍.എസ്.എസ് എന്ന് എന്തുകൊണ്ട് നിങ്ങള്‍ പറഞ്ഞെന്ന് കോണ്‍ഗ്രസ് എം.എല്‍.എയായ സമീര്‍ അഹമ്മദ് ഖാന്‍ ചോദിച്ചു. അങ്ങൊരു സ്പീക്കറാണെന്നും ഭരണഘടനയാണ് അനുസരിക്കേണ്ടതെന്നും ഇപ്പോള്‍ ചെയ്യുന്നത് ആര്‍.എസ്.എസിന്‍റെ പ്രചാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: 'അവകാശം ഹനിക്കുന്ന നടപടി'; കൈയേറ്റം യാതൊരു പ്രകോപനവുമില്ലാതെയെന്ന് കൊടിക്കുന്നിൽ സുരേഷ്
ഇതോടെ ചര്‍ച്ചയില്‍ ഇടപെട്ട മറ്റൊരു മന്ത്രിയായ ആര്‍ അശോക ആര്‍.എസ്.എസ് "സര്‍വ വ്യാപിയും സര്‍വ സ്പര്‍ശിയും" ആണെന്ന് പറഞ്ഞു. നമ്മുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും എല്ലാം ആര്‍.എസ്.എസുകാരാണെന്നും ഇത് വിസ്മരിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാലിത് രാജ്യത്തിന്‍റെ ദൗര്‍ഭാഗ്യമാണെന്നായിരുന്നു കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പ്രതികരണം.
ഇതോടെ ചര്‍ച്ചയില്‍ ഇടപെട്ട മന്ത്രി ഈശ്വരപ്പ ഭാവിയില്‍ രാജ്യത്തെ മുസ്ലിങ്ങള്‍ക്കും കൃസ്ത്യാനികള്‍ക്കും ആര്‍.എസ്.എസില്‍ ചേരേണ്ടി വരുമെന്ന് പറയുകയായിരുന്നു. ഇതോടെ ചര്‍ച്ചയില്‍ ഇടപെട്ട കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗെ, സ്പീക്കര്‍ സഭാനാഥന്‍ ആണെന്ന് മറക്കരുതെന്ന് മറുപടി നല്‍കി.
രാം ലീല മൈതാനിയില്‍ ഭരണഘടന കത്തിച്ച സംഘടനയാണ് ആര്‍.എസ്.എസ് എന്ന് അദ്ദേഹം ആരോപിച്ചു. മനുസ്മൃതി അംഗീകരിക്കണമെന്നാണ് നിങ്ങളന്ന് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ക്ക് രാഷ്ട്രീയം പറയണമെങ്കില്‍ അത് സഭയ്ക്ക് പുറത്ത് പറയണമെന്നായിരുന്നു സ്പീക്കറുടെ മറുപടി.