ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്തേക്ക് തിരികെയെത്തുന്നവർക്ക് ഏഴ് ദിവസത്തെ ഹോം ക്വാറന്‍റൈൻ കേന്ദ്രസർക്കാർ നിർബന്ധമാക്കി. ജനുവരി 11 മുതലാണ് ഈ മാർഗനിർദേശങ്ങൾ നിലവിൽ വരിക.
ഇന്ത്യയിൽ തിരികെയെത്തിയതിന് ശേഷം എട്ടാം ദിനം ആർടിപിസിആർ പരിശോധന നടത്തണം. തുറമുഖം വഴിയും കരമാർഗവും രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കും ഈ നിബന്ധനകൾ ബാധകമാണ്. അതേ സമയം അഞ്ച് വയസിന് താഴെയുള്ള കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളോട് കൂടി കൊവിഡ് പോസിറ്റീവായാൽ പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ ലഭ്യമാക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് അഡീഷണൽ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. രാജ്യത്ത് ഇതിനകം 3,007 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. മഹാരാഷ്‌ട്രയിൽ 876, ഡൽഹിയിൽ 465, കർണാടക 333, രാജസ്ഥാൻ 291, കേരളം 284 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ ഒമിക്രോൺ കേസുകൾ.