ലഖ്‌നൗ: സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നയിക്കുന്ന 'സമാജ്‌വാദി വിജയ് യാത്ര' ഒക്‌ടോബർ 12ന് ആരംഭിക്കും. 2022ൽ നടക്കാനിരിക്കുന്ന യുപി നിയമസഭ തെരഞ്ഞെടുപ്പ് വരെ സംസ്ഥാനത്തുടനീളം വിജയ് യാത്ര നടത്തുമെന്നും പാർട്ടി അറിയിച്ചു.
തന്‍റെ രാഷ്ട്രീയ ജീവിതത്തിൽ ഇത് മൂന്നാം തവണയാണ് യാദവ് വിജയ് യാത്ര നടത്തുന്നത്. ഓരോ തവണയും അധികാരത്തിൽ തിരിച്ചെത്തുന്ന പാർട്ടി അഖിലേഷിന്‍റെ നേതൃത്വത്തിലുള്ള യാത്ര ഒരു ഭാഗ്യമായാണ് കണക്കാക്കുന്നത്.
2001ൽ അദ്ദേഹം നടത്തിയ ക്രാന്തി രഥയാത്രയ്ക്ക് ശേഷം 2002ൽ സമാജ്‌വാദി പാർട്ടി അധികാരത്തിലേക്ക് വന്നു. കൂടാതെ 2011ലെ യാത്രയ്‌ക്ക് ശേഷം വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തുകയും അഖിലേഷ് യാദവ് ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തെത്തുകയും ചെയ്‌തു. ഇത്തവണയും തങ്ങൾ അധികാരത്തിലേക്ക് തിരിച്ചെത്തുമെന്നും പാർട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു.
ALSO READ: ലംഖിപൂർ സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷകന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തി
ബിജെപി സർക്കാരിന്‍റെ അഴിമതിയും സ്വേച്ഛാധിപത്യവും അടിച്ചമർത്തലും നിറഞ്ഞ നയങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയും അതിലൂടെ യഥാർത്ഥ ജനാധിപത്യം പുനഃസ്ഥാപിക്കുകയുമാണ് വിജയ് യാത്രയുടെ ലക്ഷ്യം. സംസ്ഥാനത്ത് നിലകൊള്ളുന്ന മനുഷ്യത്വരഹിതവും വിവേകശൂന്യവുമായ സർക്കാരിനെ പിഴുതെറിയാനാണ് ഈ യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഖ്‌നൗവിൽ നിന്നാരംഭിക്കുന്ന യാത്രയുടെ ആദ്യ സമ്മേളനം പാർട്ടിയുടെ ഭാഗ്യമണ്ഡലമായി കണക്കാക്കപ്പെടുന്ന ഉന്നാവോയിൽ ആയിരിക്കും. യാത്രയുടെ ഓരോ ഘട്ടത്തിനും തൊട്ടുമുമ്പ് റൂട്ടുകൾ പ്രഖ്യാപിക്കുമെന്നും ചൗധരി പറഞ്ഞു.