ഇറ്റ (ഉത്തര്‍പ്രദേശ്) : 2024ല്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കുമെന്ന് സമാജ് വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ്. അതുകൊണ്ട് തന്നെ 2024 പൊതുതെരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനായി ജനങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. ബിജെപി പുത്തന്‍ പാര്‍ലമെന്‍റ് മന്ദിരം നിര്‍മിച്ചു. എന്നാല്‍ പരമാവധി പാര്‍ലമെന്‍റംഗങ്ങളെ സസ്പെന്‍ഡ് ചെയ്‌തു. ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു ഈ നടപടി. പാര്‍ലമെന്‍റ് പ്രവര്‍ത്തിക്കണമെന്ന് ഇവര്‍ക്ക് യാതൊരു ആഗ്രഹവും ഇല്ലെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി (Akhilesh Yadav criticism on BJP over Lok Sabha election 2024).
2024ല്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയേണ്ടത് ജനങ്ങളാണ്. ഒരിക്കല്‍ കൂടി അവര്‍ അധികാരത്തിലെത്തിയാല്‍ വോട്ടവകാശം ഇല്ലാതാകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 2024ലെ തെരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാന്‍ വേണ്ടി ഉപയോഗിക്കണം. പാര്‍ലമെന്‍റിലെ സുരക്ഷ വീഴ്‌ചയെ കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്‍റില്‍ പ്രസ്‌താവന നടത്തണമെന്ന് ആവശ്യപ്പെട്ടതിനാണ് ലോക്‌സഭയിലെ 100 അംഗങ്ങളെയും രാജ്യസഭയിലെ 46 പേരെയും സസ്പെന്‍ഡ് ചെയ്‌തത്. (safeguarding Constitution).
2001 പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 13നാണ് പാര്‍ലമെന്‍റില്‍ സുരക്ഷ വീഴ്‌ചയുണ്ടായത്. ശൂന്യവേളയില്‍ സാഗര്‍ ശര്‍മ്മ, മനോരഞ്ജന്‍ ഡി എന്നിവര്‍ സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് ലോക്‌സഭ ചേമ്പറിലേക്ക് ചാടുകയായിരുന്നു. ഇവര്‍ സഭയില്‍ മഞ്ഞ വാതകം പ്രയോഗിക്കുകയും ചെയ്‌തു. ഇവര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യവും മുഴക്കുന്നുണ്ടായിരുന്നു (2024 lok sabha election).
2024 തെരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്തെ രാഷ്ട്രീയ ഭൂമികയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുകയാണ്. ഇന്ത്യ സഖ്യത്തിന്‍റെ ഉടലെടുപ്പ് എന്‍ഡിഎ സഖ്യത്തെ അലോസരപ്പെടുത്തുന്നുണ്ട്. 2024ലെ തെരഞ്ഞെടുപ്പില്‍ മോദിയുടെ എന്‍ഡിഎയും ഇന്ത്യ മുന്നണിയും തമ്മിലാകും പ്രധാനമായും ഏറ്റുമുട്ടലെന്നാണ് വിലയിരുത്തല്‍.
റായ്‌പൂര്‍ സമ്മേളന വേദിയില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ കോണ്‍ഗ്രസ് സമാന മനസ്‌കരെ തേടിത്തുടങ്ങിയിരുന്നു. അതാണ് ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിലേക്ക് എത്തിയത്. രാജ്യത്തെ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളെയും ഒപ്പം കൂട്ടി ഇന്ത്യ എന്ന മുന്നണി ഉണ്ടാക്കിയെങ്കിലും അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പികളില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി മുന്നണിയിലെ കോണ്‍ഗ്രസിന്‍റെ അപ്രമാദിത്വം ത്രിശങ്കുവിലാക്കിയിരിക്കുകയാണ്.
എങ്കിലും തെരഞ്ഞെടുപ്പ് വരെ വലിയ അസ്വാരസ്യങ്ങളില്ലാതെ മുന്നോട്ട് പോകാമെന്ന ഒരു ചിന്തയിലാണ് എല്ലാ പാര്‍ട്ടികളും ബിജെപിയെ അധികാര ഭ്രഷ്‌ടരാക്കുക എന്ന ഒറ്റലക്ഷ്യം മാത്രം മുന്നിട്ട് പോകുകയാണ് സഖ്യമിപ്പോള്‍. തെരഞ്ഞെടുപ്പിന് ശേഷം കേവല ഭൂരിപക്ഷമെന്ന മാന്ത്രിക സഖ്യയിലേക്ക് എത്താന്‍ ഏതറ്റം വരെയും പോകാന്‍ ഇവര്‍ സന്നദ്ധരാണ്. പിന്നീട് ചിലപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തെ ചൊല്ലി ഒരു പൊട്ടിത്തെറി ഉണ്ടായേക്കാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.