അജ്‌മീര്‍ : വ്യാപാരത്തിനായി വന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയിലൂടെ ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യം കെട്ടിപ്പൊക്കുന്നതിന് വേദിയായ, നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ കോട്ട. അജ്‌മീര്‍ നഗരത്തിന്‍റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന അജ്‌മീര്‍ കോട്ട ഇന്ന് സംസ്ഥാന മ്യൂസിയമാണ്.
മുഗള്‍ ചക്രവര്‍ത്തി അക്‌ബറിന്‍റെ ഭരണകാലത്ത് പണി കഴിപ്പിച്ച ഈ കോട്ടയില്‍ നിന്നാണ് ഇന്ത്യയിലെ ബ്രിട്ടീഷ് അടിമത്തത്തിന്‍റെ ആദ്യ അധ്യായം ആരംഭിക്കുന്നത് തന്നെ.
1616ല്‍ ഇംഗ്ലണ്ടിലെ ജയിംസ് ഒന്നാമന്‍ രാജാവിന്‍റെ നിര്‍ദേശ പ്രകാരം വാണിജ്യ ഉടമ്പടിക്ക് അനുമതി തേടുന്നതിനായി തോമസ് റോ മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറുമായി കൂടിക്കാഴ്‌ച നടത്തിയത് അജ്‌മീറിലെ ഈ കോട്ടയില്‍വച്ചാണ്.
സൂറത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഫാക്‌ടറികള്‍ സ്ഥാപിക്കാന്‍ പ്രത്യേക അവകാശം നേടുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. നിരവധി കൂടിക്കാഴ്‌ചകള്‍ക്ക് ശേഷം ജഹാംഗീര്‍ കരാറിന് അംഗീകാരം നല്‍കുമ്പോള്‍ ഇന്ത്യയുടെ ചരിത്രം തന്നെയാണ് എന്നെന്നേക്കുമായി മാറിയത്.
Also read: 'റാണി അവന്തിഭായി': സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുവർണ നാമം
വ്യാപാരത്തിനായി വന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയിലൂടെ ബ്രിട്ടണ്‍ ഇന്ത്യയൊട്ടാകെ അതിന്‍റെ സാമ്രാജ്യം സ്ഥാപിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ക്രമേണ ഈസ്റ്റ് ഇന്ത്യ കമ്പനി അതിന്‍റെ ശൃംഖല വ്യാപിപ്പിക്കുകയും രാജ്യം ബ്രിട്ടീഷ് ഭരണത്തിന് കീഴിലാവുകയും ചെയ്‌തു.
ചൗഹാൻ രാജവംശത്തിന് ശേഷം രജ്‌പുത്ത്, മുഗൾ, മറാത്ത, ബ്രിട്ടീഷ് സാമ്രാജ്യങ്ങള്‍ക്ക് കീഴിലായിരുന്നു അജ്‌മീര്‍. നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ ഈ കോട്ടയിൽ നിന്നാണ് അക്ബർ പ്രസിദ്ധമായ ഹൽദിഘട്ട് യുദ്ധത്തിന് മേൽനോട്ടം വഹിച്ചത്.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സ്വതന്ത്ര ഇന്ത്യയുടെ ആഘോഷങ്ങള്‍ക്കും അജ്‌മീർ കോട്ട സാക്ഷിയായി. 1947 ഓഗസ്റ്റ് 14ന് അർധരാത്രി 12 മണിക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിൽ അന്നത്തെ കോൺഗ്രസ് പ്രസിഡന്‍റ് ജിത്‌മല്‍ ലൂണിയ കോട്ടയിലെ ബ്രിട്ടീഷ് പതാക താഴ്ത്തി ത്രിവര്‍ണ പതാക ഉയർത്തി.
രാജസ്ഥാന്‍റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന അജ്‌മീറിന് വളരെ പ്രാധാന്യമുണ്ട്. അജ്‌മീറിൽ നിന്ന് മുഴുവൻ രജ്‌പുത്തിനേയും നിയന്ത്രിക്കാൻ എളുപ്പമാണ്. മുഗളിന് പുറമേ ബ്രിട്ടീഷുകാരും ആദ്യം അജ്‌മീർ തെരഞ്ഞെടുക്കാനുണ്ടായ പ്രധാന കാരണവും ഇതാണ്. സ്വാതന്ത്ര്യ സമരത്തിൽ വിപ്ലവകാരികളുടെ ശക്തികേന്ദ്രമായിരുന്നു അജ്‌മീർ.