ജയ്‌പൂര്‍ : നുപുര്‍ ശര്‍മയെ കൊലപ്പെടുത്തുന്നവര്‍ക്ക് തന്‍റെ വീട് സമ്മാനമായി നല്‍കുമെന്ന വിദ്വേഷ ആഹ്വാനത്തില്‍ അജ്‌മീര്‍ ദര്‍ഗ ഖാദിം സല്‍മാന്‍ ചിസ്തിക്കെതിരെ കേസെടുത്ത് പൊലീസ്. വീഡിയോയിലൂടെയാണ് സല്‍മാന്‍ ചിസ്‌തി വിദ്വേഷാഹ്വാനം നടത്തിയത്. നുപുറിനെ വെടിവച്ച് കൊല്ലണമെന്നും ഇയാള്‍ പറയുന്നുണ്ട്.
'നുപുര്‍ ശര്‍മയെ കൊന്ന് എല്ലാ മുസ്ലിം രാജ്യങ്ങള്‍ക്കും മറുപടി നല്‍കണം. രാജസ്ഥാനിലെ അജ്‌മീറില്‍ നിന്നാണ് ഞാൻ ഇത് പറയുന്നത്. ഈ സന്ദേശം ഹുസൂർ ഖ്വാജ ബാബയുടെ ദർബാറിൽ നിന്നാണ്' - ഇയാള്‍ വിശ്വാസികളോട് പറയുന്നു. സംഭവശേഷം സല്‍മാന്‍ ചിസ്‌തി ഒളിവിലാണ്.
സല്‍മാനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജൂണ്‍ 17ന് അജ്‌മീര്‍ ദര്‍ഗയുടെ ഗേറ്റില്‍വച്ച് വിദ്വേഷ പ്രസംഗം നടത്തിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുസ്ലിങ്ങളും ഹിന്ദുക്കളും ഉള്‍പ്പടെ നിരവധി സന്ദര്‍ശകര്‍ എത്തുന്ന ആരാധനാകേന്ദ്രമാണ് അജ്‌മീര്‍ ദര്‍ഗ.
നുപുര്‍ ശര്‍മയുടെ പ്രസ്താവനയെ അനുകൂലിച്ച് പോസ്റ്റിട്ട തയ്യല്‍ കടക്കാരന്‍ കനയ്യ ലാലിനെ ഇക്കഴിഞ്ഞയിടെ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നു. ഇതോടെ സംസ്ഥാനത്ത് വലിയ കലാപങ്ങളാണുണ്ടായത്. ഇതിനുപിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ വിദ്വേഷ പ്രചാരണങ്ങളും പൊലീസ് നിരീക്ഷിച്ചുവരികയാണ്.