നിരവധി സിനിമകളാണ് ഓരോ വര്‍ഷങ്ങളും റിലീസിനെത്തുന്നത്. പുതിയ സിനിമകള്‍ എത്തുമ്പോള്‍ പഴയ സിനിമകള്‍ പ്രേക്ഷകര്‍ മറക്കുന്നു. എന്നാല്‍ ചില സിനിമകള്‍ പ്രേക്ഷകര്‍ എക്കാലവും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു. അത്തരത്തിലുള്ളൊരു ചിത്രമാണ് ഐശ്വര്യ റായ് നായികയായെത്തിയ 1990ല്‍ പുറത്തിറങ്ങിയ 'ഹം ദില്‍ ദേ ചുകേ സനം'.
റിലീസ് ചെയ്‌ത് 23 വര്‍ഷം കഴിഞ്ഞിട്ടും 'ഹം ദില്‍ ദേ ചുകേ സനം' ഇന്നും ആരാധകരുടെ ഇഷ്‌ട ചിത്രമാണ്. ഐശ്വര്യ, സൽമാൻ ഖാൻ, അജയ് ദേവ്ഗൺ എന്നിവരുടെ ഹൃദയ സ്‌പര്‍ശിയായ പ്രകടനങ്ങളും സഞ്ജയ് ലീല ബൻസാലിയുടെ കാഴ്‌ചപ്പാടും പ്രേക്ഷകരുടെ മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്നു.
തന്‍റെ ഭാര്യ നന്ദിനി (ഐശ്വര്യ റായ്) മറ്റൊരു പുരുഷന്‍ സമീറുമായി (സൽമാൻ ഖാന്‍) പ്രണയത്തിലാണെന്ന് കണ്ടെത്തുന്ന ഭര്‍ത്താവ് വനരാജ് (അജയ് ദേവ്‌ഗണ്‍). നന്ദിനിയും വനരാജും നവദമ്പതികളാണ്. ഭാര്യയുടെ പ്രണയം മനസ്സിലാക്കുന്ന വനരാജ്, നന്ദിനിയെയും സമീറിനെയും ഒന്നിപ്പിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ഒടുവില്‍ നന്ദിനിയുടെ മനസ്സ് മാറുന്നു. സമീറിനൊപ്പം ഒളിച്ചോടുന്നതിന് പകരം വനരാജിനൊപ്പം ജീവിക്കാന്‍ നന്ദിനി തീരുമാനിക്കുന്നതോടെ കഥ വഴിത്തിരിവാകുന്നു. ഇതാണ് ചിത്രപശ്ചാത്തലം.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ഐശ്വര്യ റായ് വീണ്ടും നന്ദിനിയാവുകയാണ്. പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗത്തില്‍ നന്ദിനിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. രണ്ടാം ഭാഗത്തിലും നന്ദിനി ആയി താരം പ്രത്യക്ഷപ്പെടും.
കഴിഞ്ഞ ദിവസം (ചൊവ്വാഴ്‌ച) മുംബൈയിൽ നടന്ന 'പൊന്നിയിൻ സെൽവൻ 2'ന്‍റെ പ്രൊമോഷണൽ പരിപാടിയിൽ ഐശ്വര്യ പങ്കെടുത്തിരുന്നു. പരിപാടിയില്‍ 'പൊന്നിയിന്‍ സെല്‍വന്‍' രണ്ട് ഭാഗങ്ങളിലെയും നന്ദിനിയെ കുറിച്ച് ഐശ്വര്യ പങ്കുവച്ചിരുന്നു.
'മനോഹരമായ യാദൃശ്ചികത. ഇത് സംഭവിച്ചു എന്നത് അതിശയകരമാണ്. സത്യത്തിൽ, 'ഹം ദിൽ ദേ ചുകേ സനം' എന്ന ചിത്രത്തിലെ നന്ദിനി പോലും അവിസ്‌മരണീയമായിരുന്നു. അവൾ ആളുകളുടെ ഹൃദയത്തിൽ ജീവിച്ചു. നന്ദിനിയായി എനിക്ക് അഭിനയിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്. തീര്‍ച്ചയായും നന്ദിനി പ്രേക്ഷകർക്കും എനിക്കും എന്നും പ്രത്യേകതയുള്ളതാണ്.
അന്ന് സഞ്ജയ് ബൻസാലി ജീയോടൊപ്പമായിരുന്നു, ഇന്ന് എന്‍റെ മണി ഗാരുവിനൊപ്പമാണ് പൊന്നിയൻ സെൽവനിൽ എനിക്ക് നന്ദിനിയായി അഭിനയിക്കാൻ അവസരം ലഭിച്ചത്. നിരവധി സ്ത്രീകളുടെ ജീവിതത്തെ സ്‌പർശിക്കുന്ന ഇത്രയും ശക്തരായ സ്ത്രീകളെ അവതരിപ്പിക്കാൻ എനിക്ക് അവസരം ലഭിച്ചത് ഒരു വലിയ അനുഗ്രഹമാണ് എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഞാൻ വളരെ വളരെ നന്ദിയുള്ളവളാണ്.'-ഐശ്വര്യ റായ് പറഞ്ഞു.
ഹൈദരാബാദില്‍ നടന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ ഐശ്വര്യ മണി രത്‌നത്തിന് നന്ദി രേഖപ്പെടുത്തിയിരുന്നു. പ്രേക്ഷകര്‍ക്കും താരം നന്ദി അറിയിച്ചിരുന്നു. 'നിങ്ങളുടെ പിന്തുണയ്ക്കും അഭിനന്ദനത്തിനും നന്ദി. ഞങ്ങളുടെ സിനിമയ്ക്ക് നിങ്ങൾ നൽകിയ അവിശ്വസനീയമായ പ്രതികരണങ്ങളെ ഞങ്ങൾ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു. ഏപ്രിൽ 28ന് പൊന്നിയിന്‍ സെല്‍വന്‍ കാണാൻ നിങ്ങൾ ഓരോരുത്തരും ഒരു പോലെ ആവേശഭരിതരാണ്. വളരെ നന്ദി. എന്നാൽ ആദ്യം ഞാൻ മണി ഗാരുവിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു. എന്‍റെ മണി ഗാരു' - ഐശ്വര്യ റായ് പറഞ്ഞു.
മണിരത്‌നത്തിന്‍റെ രണ്ട് ഭാഗങ്ങളുള്ള പീരിയഡ് ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. സിനിമയില്‍ ഇരട്ട വേഷത്തിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെടുക. നന്ദിനി, ഊമൈ റാണി എന്നീ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കുക. ഏപ്രിൽ 28നാണ് 'പൊന്നിയിൻ സെൽവൻ 2' തിയേറ്ററുകളില്‍ എത്തുക.