ന്യൂഡൽഹി: എയർ ഇന്ത്യ ഫ്ലൈറ്റില്‍ സഹയാത്രികന്‍ സ്‌ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിൽ കേന്ദ്ര സര്‍ക്കാരിന് നോട്ടിസ് അയച്ച് സുപ്രീംകോടതി. എസ്ഒപി (സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം) രൂപീകരിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് (ഡിജിസിഎ) നിര്‍ദേശം നല്‍കാന്‍ പരാതിക്കാരി ഹർജി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് സുപ്രീം കോടതി നോട്ടിസ്.
കേന്ദ്രസര്‍ക്കാരിന് പുറമെ ഡിജിസിഎയ്‌ക്കും എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള എയർലൈന്‍സ് കമ്പനികള്‍ക്കും നോട്ടിസ് അയച്ചിട്ടുണ്ട്. എയർ ഇന്ത്യ വിമാനത്തിലെ 72കാരിക്കുനേരെ സഹയാത്രികൻ 2022 നവംബറിലാണ് മൂത്രമൊഴിച്ച സംഭവമുണ്ടായത്. ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യാൻ ഡിജിസിഎയും എയർലൈന്‍ കമ്പനിയും എസ്ഒപി രൂപീകരിക്കാറുണ്ട്. ഈ കേസില്‍ ഈ നടപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് സ്‌ത്രീ സുപ്രീംകോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബഞ്ചാണ് നോട്ടിസ് അയച്ചത്. എസ്ഒപി രൂപീകരിക്കുന്നതിന്, കേസിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ സഹായം തേടുകയും വേനൽക്കാല അവധിക്ക് ശേഷം ഹർജി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിക്കുകയും ചെയ്‌തു.