ന്യൂഡല്‍ഹി : ഡല്‍ഹി-പാരിസ് എയര്‍ ഇന്ത്യ വിമാനം സാങ്കേതിക കാരണങ്ങളാല്‍ അടിയന്തരമായി തിരിച്ചിറക്കി. എയര്‍ ഇന്ത്യയുടെ B787-800 എന്ന വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിന്‍റെ ഹൈലിഫ്‌റ്റ് സമയത്തുണ്ടായ സാങ്കേതിക പ്രശ്‌നമാണ്(slats drive snag message) വിമാനം തിരിച്ചിറക്കാന്‍ കാരണമെന്ന് ഡിജിസിഎ( Directorate General of Civil Aviation ) വ്യക്തമാക്കി.
ഇന്ന് ഉച്ചയ്‌ക്ക് 1.30നാണ് വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്‌തത്. 2.25പിഎമ്മിന് വിമാനം ഇവിടെ തന്നെ തിരിച്ചിറങ്ങി. യാത്രക്കാര്‍ക്കോ വിമാനത്തിനോ എമര്‍ജന്‍സി ലാന്‍ഡിങ്ങില്‍ യാതൊരു പരിക്കും സംഭവിച്ചിട്ടില്ല.
സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 27ന് മുംബൈ-ദുബായ് എയര്‍ ഇന്ത്യ വിമാനം സാങ്കേതിക കാരണങ്ങളാല്‍ അപ്രതീക്ഷിതമായി ടേക്ക് ഓഫ് ചെയ്യാത്ത സാഹചര്യം ഉണ്ടായിരുന്നു. 2,613 സാങ്കേതിക തടസങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി രാജ്യത്ത് വിവിധ എയര്‍ലൈനുകളിലായി ഉണ്ടായതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയത്.