ന്യൂഡൽഹി : ഹൃദയാഘാതം മൂലം എയര്‍ ഇന്ത്യ ക്യാപ്‌റ്റന്‍ മരിച്ചതായി ഡല്‍ഹി വിമാനത്താവള അധികൃതര്‍. ക്യാപ്‌റ്റന്‍ ഹിമാനിൽ കുമാറാണ് (37) മരിച്ചത്. ഇന്ന് (നവംബര്‍ 16) രാവിലെ ടെര്‍മിനന്‍ മൂന്നില്‍ എയര്‍ ഇന്ത്യയുടെ പരിശീലനത്തിനിടെയാണ് സംഭവം. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ ഹിമാനിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മെഡിക്കല്‍ പരിശോധനകള്‍ക്ക് ഹിമാനില്‍ വിധേയനായിരുന്നുവെന്നും അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നുവെന്നും ഡിജിസിഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു. ഡ്യൂട്ടിക്കിടെ യാതൊരുവിധ ശാരീരിക പ്രയാസങ്ങളും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം 2024 ഓഗസ്റ്റ് വരെ ഹിമാനില്‍ ഫിറ്റാണെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്.
ഒക്‌ടോബര്‍ 3 മുതല്‍ ബോയിങ് 777 വിമാനം പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനത്തിലായിരുന്നു ഹിമാനില്‍. പൂജ അവധിക്ക് പിന്നാലെ ഇന്നാണ് കുമാര്‍ തിരികെയെത്തി പരിശീലനം ആരംഭിച്ചത്. ഇതിനിടെയാണ് ഇദ്ദേഹം കുഴഞ്ഞുവീണത്.
അനുഭവങ്ങള്‍ നിരവധി : ഇതാദ്യമായല്ല ഒരു എയര്‍ലൈന്‍ പൈലറ്റ് മരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഇന്‍ഡിഗോ വിമാനത്തിന്‍റെ ക്യാപ്‌റ്റന്‍ പൈലറ്റ് കുഴഞ്ഞ് വീണ് മരിച്ചത്. വിമാനം പറത്താനെത്തിയ ക്യാപ്‌റ്റന്‍ മനോജ് സുബ്രഹ്മണ്യമാണ് (40) മരിച്ചത്. നാഗ്‌പൂരില്‍ നിന്ന് പൂനെയിലേക്ക് സര്‍വീസ് നടത്താനെത്തിയപ്പോള്‍ ബോഡിങ് ഗേറ്റില്‍ പൈലറ്റ് കുഴഞ്ഞ് വീഴുകയായിരുന്നു. സംഭവത്തിന് പിന്നാലെ സുബ്രമണ്യത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ചിലിയിലും സമാന സംഭവം : ചിലിയില്‍ വിമാനം പറക്കുന്നതിനിടെ പൈലറ്റ് കുഴഞ്ഞ് വീണ് മരിച്ചിരുന്നു. വിമാനത്തിലെ ശുചിമുറിയിലാണ് പൈലറ്റ് കുഴഞ്ഞ് വീണത്. സംഭവത്തിന് പിന്നാലെ വിമാനം പനാമയില്‍ അടിയന്തരമായി ഇറക്കുകയും പൈലറ്റിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായിരുന്നില്ല.