ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നിന്നും സിഡ്‌നിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായ ശക്തമായ കുലുക്കത്തില്‍പെട്ട് ഏഴ് യാത്രക്കാര്‍ക്ക് പരിക്കേറ്റതായി അറിയിച്ച് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വൃത്തങ്ങള്‍. ആകാശച്ചുഴിയില്‍പെട്ട് വിമാനത്തിലുണ്ടായ കനത്ത ഇളക്കവും അനുബന്ധ പ്രശ്‌നങ്ങളുമാണ് യാത്രക്കാര്‍ക്ക് ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടവരുത്തിയത്. ഇവര്‍ക്കെല്ലാം തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയതായും ആരെയും തന്നെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കേണ്ട അവസ്ഥയില്ലെന്നും ഡിജിസിഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവം ഇങ്ങനെ: എയര്‍ ഇന്ത്യയുടെ B787-800 എയർക്രാഫ്റ്റ് വിഭാഗത്തില്‍പെടുന്ന AI-302 എന്ന ഡൽഹി-സിഡ്‌നി വിമാനത്തില്‍ ശക്തമായ കുലുക്കം നേരിട്ടു. പറക്കലിനിടെ ഏഴ് യാത്രക്കാര്‍ക്ക് ഉളുക്കും അനുഭവപ്പെട്ടു. യാത്രക്കാരായുണ്ടായിരുന്ന ഡോക്‌ടറുടെയും നഴ്‌സിന്‍റെയും സഹായത്തോടെ ക്യാബിന്‍ ക്രൂ ഫസ്റ്റ് എയ്‌ഡ് കിറ്റ് ഉപയോഗിച്ച് ഇവര്‍ക്ക് പ്രഥമശുശ്രൂഷ നൽകി എന്ന് ഡിജിസിഎ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മാത്രമല്ല എയർ ഇന്ത്യയുടെ സിഡ്‌നിയിലുള്ള എയർപോർട്ട് മാനേജർ വിമാനം എത്തിച്ചേരുമ്പോൾ ഇവര്‍ക്ക് വൈദ്യസഹായം ക്രമീകരിച്ചിരുന്നു. എന്നാല്‍ മൂന്ന് യാത്രക്കാര്‍ മാത്രമാണ് ഈ വൈദ്യസഹായം സ്വീകരിച്ചതെന്നും ഡിജിസിഎ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തില്‍ എയര്‍ ഇന്ത്യ കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചിട്ടില്ല.
സര്‍വീസ് നിര്‍ത്തി വിമാനങ്ങള്‍: കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിലുള്ള ലേ വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇന്ത്യന്‍ വ്യോമസേന വിമാനം കുരുങ്ങിയതോടെ കഴിഞ്ഞദിവസം മറ്റ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. എയര്‍ഫോഴ്‌സിന്‍റെ സി17 ഗ്ലോബ്‌മാസ്‌റ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനം സാങ്കേതിക തകരാറുകൾ കാരണം റണ്‍വേയില്‍ നിന്നുപോയതോടെയാണ് വിമാനത്താവളത്തില്‍ നിന്നും സ്വകാര്യ കമ്പനികളുടെ മറ്റ് വിമാനങ്ങള്‍ക്ക് പറന്നുയരാനോ ഇറങ്ങാനോ കഴിയാതെ വന്നത്. ഇതിനെത്തുടര്‍ന്ന് ബുധനാഴ്‌ച രാവിലെ വരെ സർവീസ് നിർത്തിവയ്ക്കാൻ എല്ലാ സ്വകാര്യ വിമാനക്കമ്പനികൾക്കും നിർദേശം നൽകുകയായിരുന്നു. എന്നാല്‍ ബുധനാഴ്‌ച രാവിലെയോടെ റൺവേ സജ്ജമാകുമെന്നും വ്യോമസേനയുടെ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് ലക്ഷ്യസ്ഥാനത്ത് എത്തുമെന്നും തങ്ങൾ പ്രതീക്ഷിക്കുന്നതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
വിശദീകരണം ഇങ്ങനെ: ഒഴിവാക്കാനാവാത്ത ചില സാഹചര്യങ്ങള്‍ കാരണം കുശോക് ബകുല റിംപോച്ചെ വിമാനത്താവളത്തില്‍ നിന്നും ഇന്നത്തെ ഒട്ടുമിക്ക ഫ്ലൈറ്റുകളും റദ്ദാക്കിയിരിക്കുന്നു. ഈ സാഹചര്യം നേരെയായാല്‍ ഷെഡ്യൂൾ അനുസരിച്ച് ഫ്ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കാനും ബന്ധപ്പെട്ട ഏജൻസികൾ തുടർച്ചയായി പ്രവർത്തിക്കുന്നതായും ലേ വിമാനത്താവള അധികൃതർ ഔദ്യോഗിക ഹാൻഡിലിലൂടെ ട്വീറ്റ് ചെയ്‌തിരുന്നു. അതേസമയം ലേ വിമാനത്താവളത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ ഡൽഹിയിൽ നിന്ന് ലേയിലേക്കുള്ള വിമാനം ഡൽഹിയിലേക്ക് മടങ്ങുകയാണെന്ന് വിമാനക്കമ്പനിയായ വിസ്‌ത്ര ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് എയർ ഇന്ത്യ അവരുടെ ഒരു വിമാനം റദ്ദാക്കുകയും മറ്റൊന്ന് ശ്രീനഗറിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്‌തിരുന്നു.
മാത്രമല്ല ഇൻഡിഗോ ലേയിലേക്കുള്ള നാല് വിമാനങ്ങളും റദ്ദാക്കുകയും ചെയ്‌തിരുന്നു. ഇതെല്ലാം വിമാനക്കമ്പനിയുടെ നിയന്ത്രണത്തിന് അതീതമാണെന്നും ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും അറിയിച്ചായിരുന്നു സംഭവത്തില്‍ ഒരു ട്വിറ്റർ ഉപയോക്താവിനോടുള്ള ഇന്‍ഡിഗോയുടെ മറുപടി. ഞങ്ങളുടെ ടീം യാത്രക്കാരെ ഏറ്റവും മികച്ച രീതിയിൽ സഹായിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഈ ബുദ്ധിമുട്ടില്‍ നിങ്ങളുടെ മനസിലാക്കല്‍ വളരെ വിലമതിക്കുന്നുവെന്നും വിമാനക്കമ്പനി കൂട്ടിച്ചേര്‍ത്തിരുന്നു. അതേസമയം ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ എയർക്രാഫ്റ്റായ ഈ സി 17 ഗ്ലോബ്‌മാസ്‌റ്ററാണ് സുഡാനില്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാൻ ഏപ്രിലിലും ഈ മാസം തുടക്കത്തിലുമായി സജീവമായി പ്രവര്‍ത്തിച്ചിരുന്നത്.