തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ എയർപോർട്ട് അധികൃതരുടെ സഹായം തേടി. ഞായറാഴ്‌ച ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ലാൻഡിങ്ങിനിടെ പൈലറ്റിന് ചില അസ്വഭാവികത അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനത്താവളത്തിൻ്റെ സഹായം തേടിയത്. ലാൻഡിങ്ങിനിടെ പൈലറ്റിന് എന്തോ പ്രശ്‌നങ്ങൾ അനുഭവപ്പെടുകയും എടിസിയുടെ സഹായം തേടുകയും ചെയ്യുകയായിരുന്നു.
രാവിലെ 6.30ന് ഷെഡ്യൂൾ ചെയ്‌തിരുന്ന ലാൻഡിങ്ങ്, പൈലറ്റ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതിരുന്നതിനാൽ സാധാരണ ഗതിയിൽ നടന്നെന്ന് എയർലൈൻ വൃത്തങ്ങൾ അറിയിച്ചു. ഐഎക്‌സ് 540 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാൻഡ് ചെയ്‌തതിനു ശേഷമുള്ള പരിശോധനയിൽ വിമാനത്തിൻ്റെ നോസ് ഗിയറിന്‍റെ ഒരു ചക്രത്തിന്‍റെ മുകളിലെ പാളിക്ക് ചെറിയരീതിയിൽ തേയ്‌മാനം സംഭവിച്ചതായി കണ്ടെത്തി. അതിൽ ഗൗരവകരമായി ഒന്നുമില്ലെന്നും എയർലൈൻ അദികൃതർ അറിയിച്ചു.
വിമാനം ഫ്ലൈറ്റ് ബേയിലേക്ക് മാറ്റിയതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അവർ കൂട്ടിച്ചേർത്തു.