സംഗറെഡ്ഡി (തെലങ്കാന): കളിച്ചുകൊണ്ടിരിക്കെ എയർഗൺ പൊട്ടിത്തെറിച്ച് 4 വയസ്സുള്ള പെൺകുട്ടി മരിച്ചു. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഫാം ഹൗസിലാണ് സംഭവമുണ്ടായത്. കുട്ടി കളിക്കുന്നതിനിടെ എയർ ഗൺ പൊട്ടിത്തെറിക്കുകയിരുന്നു. സംഗറെഡ്ഡി ജില്ലയിലെ ജിന്നാരം സോണിലെ വാവിലാലയ്‌ക്കടുത്തുള്ള ഫാംഹൗസിൽ ജോലി ചെയ്യുന്നയാളുടെ മകളാണ് മരിച്ച ഷാൻവി (4).
കളിക്കുന്നതിനിടെ ചൊവ്വാഴ്‌ച രാവിലെ 10 മണിയോടെ എയർ ഗൺ പൊട്ടിത്തെറിച്ച് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ വീട്ടുകാർ കുട്ടിയെ ഗഡ്ഡിപോചരത്തെ ആർഎംപി ഡോക്‌ടറുടെ അടുത്ത് കൊണ്ടുപോയിരുന്നെങ്കിലും, തനിക്ക് അത്തരത്തിലുള്ള മുറിവ് ചികിത്സിക്കാൻ കഴിയില്ലെന്ന് പറഞ്ഞ ഡോക്‌ടര്‍ കുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.
Also read : വഖഫ് നിയമനം; മുസ്ലീം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
ഇതേ തുടര്‍ന്ന് പെൺകുട്ടിയെ ഉസ്‌മാനിയ ആശുപത്രിയിലാണ് കുടുംബം പ്രവേശിപ്പിച്ചത്. അവിടെ ചികില്‍സയിലിരിക്കേ ബുധനാഴ്‌ച രാവിലെയോടെ കുട്ടി മരണപ്പെടുകയായിരുന്നു. സംഭവം എങ്ങനെയുണ്ടായി എന്ന കാര്യത്തിൽ നിലവില്‍ നിരവധി സംശയങ്ങൾ ഉയർന്നിട്ടുണ്ട്.
പെൺകുട്ടിയെ ആരെങ്കിലും വെടിവെച്ചതാണോ, കുട്ടികൾ കളിക്കുന്നതിനിടെ തോക്ക് പൊട്ടിത്തെറിച്ചതാണോ എന്നുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരുകയാണെന്ന് പൊലീസ് വ്യക്‌തമാക്കി. ജിന്നാരം എസ്ഐ സിദ്ധിരാമുലു, ഗുമ്മഡിഡല എസ്ഐ വിജയ് കൃഷ്ണ എന്നിവർ സംഭവസ്ഥലം പരിശോധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.