ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ ലോകത്തെ മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ എത്തുക്കുക എന്നതാണ് സര്‍ക്കാറിന്‍റെ ലക്ഷ്യമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പ്രതിരോധ മേഖലയിലെ ഏഴ് പുതിയ കമ്പനികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധ ഉല്‍പ്പനങ്ങളുടെ രൂപകല്‍പ്പന, നിര്‍മാണം, കയറ്റുമതി തുടങ്ങിയ സുപ്രധാന മേഖലയില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 'ആത്മനിർഭർ ഭാരത്' എന്ന സ്വപ്നത്തിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നത്. ഇതിന്‍റെ ഭാഗമായി പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ഓർഡിനൻസ് ഫാക്ടറി ബോർഡ് ഏഴ് കമ്പനികളാക്കി മാറ്റി.
Also Read: രണ്ട് സൈനികർ കൊല്ലപ്പെട്ടു, ജമ്മു കശ്‌മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു
പുതിയ കമ്പനികളായ അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്വിപ്മെന്റ് ഇന്ത്യ ലിമിറ്റഡ് (എ.ഡബ്ലൂ.ഇ), ട്രൂപ്പ് കംഫോർട്ട്സ് ലിമിറ്റഡ് (ടി.സി.എല്‍), ആവണി ആമേർഡ് വെഹിക്കിൾസ് (എ.വി.എ.എന്‍.ഐ), മുനിഷൻസ് ഇന്ത്യ ലിമിറ്റഡ് (എം.ഐ.എല്‍), ഇന്ത്യ ഒപ്റ്റൽ ലിമിറ്റഡ് (ഐ.ഒ.എല്‍), ഗ്ലൈഡേഴ്സ് ഇന്ത്യ ലിമിറ്റഡ് (ജി.ഐ.എല്‍), യന്ത്ര ഇന്ത്യ ലിമിറ്റഡ് (വൈ.ഐ.എല്‍) എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം മാറ്റങ്ങള്‍ കമ്പനികള്‍ക്ക് തങ്ങളുടെ പുതിയ ലക്ഷ്യങ്ങളും അവസരങ്ങളും നേടുന്നതിനുള്ള മാര്‍ഗമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
2024ല്‍ 175000 കോടി വിറ്റുവരവ് ലക്ഷ്യം
കമ്പനികളില്‍ നിന്നും 2024 ല്‍ 1,75,000 കോടിയുടെ വിറ്റുവരവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 35000 കോടിയുടെ ഉത്പന്നങ്ങള്‍ രാജ്യം കയറ്റുമതി ചെയ്യും. ബഹിരാകാശ, പ്രതിരോധ വസ്തതുക്കള്‍, പ്രതിരോധ സേവനങ്ങള്‍ തുടങ്ങിയവയാകും രാജ്യം കയറ്റുമതി ചെയ്യുക.
മാത്രമല്ല പുതിയതായി രൂപീകരിച്ച കമ്പനികള്‍ക്ക് അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും 65000 കോടിയുടെ 66 ഉറച്ച കരാറുകളും ഉറപ്പ് നല്‍കുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.