ബെംഗളൂരു: കര്‍ണാടകയില്‍ അടുത്ത മുഖ്യമന്ത്രി ആരാകണമെന്നതില്‍ അന്തിമ തീരുമാനമെടുക്കാനാവാതെ കോണ്‍ഗ്രസ് ലെജിസ്‌ളേച്ചർ പാര്‍ട്ടി (സിഎല്‍പി). ഇതേതുടര്‍ന്ന് തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടുകൊണ്ട് കര്‍ണാടകയിലെ കോൺഗ്രസ് എംഎല്‍എമാര്‍ പ്രമേയം പാസാക്കി. ഒറ്റക്കെട്ടായാണ് ഈ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ടത്.
ALSO READ | 'സിദ്ധരാമയ്യയുമായി ഭിന്നതയില്ല'; പാർട്ടിക്ക് വേണ്ടി പലതവണ ത്യാഗം സഹിച്ചുവെന്ന് ഡികെ ശിവകുമാർ
മുഖ്യമന്ത്രി ആരാണെന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം ബുധനാഴ്‌ച ഉണ്ടായേക്കും. ഇങ്ങനെയെങ്കില്‍ വ്യാഴാഴ്‌ച തന്നെ സത്യപ്രതിജ്ഞയുണ്ടാവും. ആവശ്യമെങ്കില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളെ ന്യൂഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തും. സിദ്ധരാമയ്യയ്‌ക്ക് മുന്‍തൂക്കമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
ഞായറാഴ്‌ച ബെംഗളൂരുവിലെ ഒരു ഹോട്ടലിൽ നടന്ന യോഗത്തിലാണ് കോണ്‍ഗ്രസ് ലെജിസ്‌ളേച്ചർ പാര്‍ട്ടി (സിഎല്‍പി) തീരുമാനം. ഒറ്റവരി പ്രമേയം ഏകകണ്‌ഠേനെയാണ് പാസാക്കിയത്. 'കോൺഗ്രസ് ലെജിസ്‌ളേച്ചർ പാർട്ടിയുടെ പുതിയ നേതാവിനെ നിയമിക്കാൻ എഐസിസി പ്രസിഡന്‍റിന് ഇതിനാൽ അധികാരമുണ്ടെന്ന് സിഎല്‍പി ഏകകണ്‌ഠമായി തീരുമാനിക്കുന്നു.' - പ്രമേയത്തില്‍ ഇങ്ങനെയാണ് രേഖപ്പെടുത്തിയത്.
നിരീക്ഷകനായി സുശീൽ കുമാർ ഷിൻഡെയും: കർണാടകയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ കോൺഗ്രസ് എംഎൽഎമാരും സർക്കാർ രൂപീകരണ ചർച്ചയുടെ ഭാഗമായി. നിയമസഭ കക്ഷി യോഗത്തിന് മുന്നോടിയായി മുതിർന്ന നേതാവ് സുശീൽ കുമാർ ഷിൻഡെ ഉള്‍പ്പെടെ മൂന്ന് കേന്ദ്ര നിരീക്ഷകരെ കോൺഗ്രസ് നിയോഗിച്ചിരുന്നു. ഈ നിരീക്ഷകര്‍ എംഎല്‍എമാരുമായി വ്യക്തിപരമായി ചര്‍ച്ച നടത്തി.
ALSO READ | സിദ്ധരാമയ്യയോ ശിവകുമാറോ ? ; ആരാകും കര്‍ണാടക മുഖ്യന്‍ ?, പന്ത് ഹൈക്കമാന്‍ഡിന്‍റെ കോര്‍ട്ടില്‍
ബെംഗളൂരുവിലെ ഷാംഗ്രില ഹോട്ടലിൽ വച്ചാണ് യോഗം നടന്നത്. മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെയെ കൂടാതെ പാർട്ടി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ്, എഐസിസി മുൻ ജനറൽ സെക്രട്ടറി ദീപക് ബാബരിയ എന്നിവരാണ് നിരീക്ഷകർ. 'കർണാടകയിലെ സിഎൽപി നേതാവിന്‍റെ തെരഞ്ഞെടുപ്പിനായി സുശീൽകുമാർ ഷിൻഡെ (മുൻ മുഖ്യമന്ത്രി, മഹാരാഷ്‌ട്ര), ജിതേന്ദ്ര സിങ് (എഐസിസി ജന. സെക്രട്ടറി), ദീപക് ബാബരിയ (മുൻ എഐസിസി ജന. സെക്രട്ടറി) എന്നിവരെ എഐസിസി അധ്യക്ഷന്‍ നിരീക്ഷകരായി നിയോഗിച്ചു'- എഐസിസി നേതാവ് കെസി വേണുഗോപാല്‍ യോഗത്തിന് മുന്‍പ് ട്വീറ്റ് ചെയ്‌തിരുന്നു.
'സിദ്ധരാമയ്യയുമായി ഭിന്നതകളില്ല': കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം സ്വന്തമാക്കിയെങ്കിലും കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വമാണുണ്ടായത്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും, കോണ്‍ഗ്രസിന്‍റെ വിജയത്തിൽ മുഖ്യപങ്ക് വഹിച്ച പാർട്ടി അധ്യക്ഷൻ ഡികെ ശിവകുമാറും തമ്മിലാണ് മുഖ്യമന്ത്രി കസേരക്കായി മുന്നിലുള്ളത്. ഇപ്പോൾ സിദ്ധരാമയ്യയുമായി തനിക്ക് ഭിന്നതയില്ലെന്ന് വ്യക്‌തമാക്കി രംഗത്തെത്തിയിട്ടുണ്ട് ഡികെ ശിവകുമാർ.
'സിദ്ധരാമയ്യയുമായി എനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന് ചിലർ പറയുന്നു, സത്യത്തിൽ ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. പാർട്ടിക്ക് വേണ്ടി പലതവണ ത്യാഗം സഹിച്ചു. ത്യാഗം സഹിച്ചും സഹായിച്ചും സിദ്ധരാമയ്യയ്‌ക്കൊപ്പം നിന്നു. സിദ്ധരാമയ്യക്ക് പിന്തുണ നൽകിയിട്ടുണ്ട്. ആ സഹകരണം തുടരും', തുംകൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡികെ ശിവകുമാർ പറഞ്ഞു. 224 മണ്ഡലങ്ങളിലെ 135 സീറ്റുകളും തൂത്തുവാരിയാണ് കർണാടകയിൽ കോണ്‍ഗ്രസ് വെന്നിക്കൊടി പാറിച്ചത്.