ന്യൂഡൽഹി: കൊവിഡ് ബാധിതരെ സഹായിക്കുന്നതിനായി മെഡിക്കൽ ഉപദേശക ഹെൽപ്പ് ലൈൻ ആരംഭിച്ചു എഐസിസി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് 'ഹലോ ഡോക്ടർ' എന്ന പേരിൽ ഹെൽപ്പ് ലൈൻ ഉദ്ഘാടനം ചെയ്തത്. വൈദ്യോപദേശത്തിനായി ആളുകൾക്ക് +919983836838 എന്ന നമ്പറിൽ വിളിക്കാം. ട്വിറ്ററിലൂടെയാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്.
താൽപര്യമുള്ള ഡോക്‌ടർമാരോട് ഈ സംരംഭത്തിൽ സ്വയം രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇതിനായി അദ്ദേഹം ഒരു ഗൂഗിൾ ഫോം ലിങ്കും പോസ്റ്റിനോടൊപ്പം ചേർത്തിരുന്നു. കൊവിഡ് ചികിത്സ, മാനസിക പ്രശ്നങ്ങൾക്കുള്ള ചികിത്സ എന്നിങ്ങനെ രണ്ട് തരത്തിലാണ് ഡോക്‌ടർമാർക്ക് രജിസ്റ്റർ ചെയ്യാവുന്നത്.
കൊവിഡ് ബാധിച്ച രോഗികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊവിഡ് നിയന്ത്രണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതായി ആന്ധ്ര കോൺഗ്രസ് കമ്മിറ്റി (ഐപിസിസി) പ്രസിഡന്‍റ് ഡോ. സകേ സൈലജനാഥ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കിടക്കകൾ, ആശുപത്രികൾ, പ്ലാസ്മ, വിദൂര പ്രദേശങ്ങളിലേക്ക് വാഹന സഹായം എന്നിവയടക്കം 24 മണിക്കൂറും ഐപിസിസി സൗകര്യമൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 24മണിക്കൂറിനുള്ളിൽ രാജ്യത്ത് നാല് ലക്ഷത്തിലധികം പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 4,01,993 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1,91,64,969 ആയി ഉയർന്നു.