ഗാന്ധിനഗർ : മൂന്ന് ദിവസത്തെ സന്ദർശത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്തിലേക്ക് വരാനിരിക്കെ കർശന സുരക്ഷയൊരുക്കി അഹമ്മദാബാദ് വെജൽപൂർ പൊലീസ്. പര്യടന ദിവസങ്ങളിൽ സ്വന്തം സംസ്ഥാനത്ത് നിരവധി ഉദ്ഘാടന ചടങ്ങുകളിലും പരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
ഇതിന്‍റെ ഭാഗമായി ഈ പ്രദേശങ്ങളിലെ വീടുകളുടെ ജനലുകളും വാതിലുകളും നിര്‍ബന്ധമായും അടച്ചിടണമെന്ന് പൊലീസ് നിർദേശം നൽകി. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വെജൽപൂർ ഇൻസ്‌പെക്‌ടർ എൽ.ഡി. ഒഡേദ്രയുടെ വിശദീകരണം.
വെജൽപൂർ കമ്മ്യൂണിറ്റി ഹാളിന്‍റെയുള്‍പ്പെടെ ഉദ്‌ഘാടനം നിർവഹിക്കാനിരിക്കെ സ്വാമിനാരായണ സ്വാതി സൊസൈറ്റിയിലെയും ഹാളിന് ചുറ്റുമുള്ള മറ്റ് സൊസൈറ്റികളിലെയും താമസക്കാർക്കാണ് പ്രധാനമായും നിർദേശം നൽകിയത്.
ഹാളിന് അഭിമുഖമായുള്ള എല്ലാ വീടുകളിലെയും ജനലുകളും വാതിലുകളും ഞായറാഴ്‌ച രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ അടച്ചിടണം. ഇതൊരു ആജ്ഞയല്ല, മറിച്ച് അഭ്യർഥനയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിഐപി സുരക്ഷയോട് കൂടിയ സന്ദർശനത്തിനെത്തുന്ന ആഭ്യന്തരമന്ത്രി വെജൽപൂർ കമ്മ്യൂണിറ്റി ഹാളിന് പുറമേ റയിൽവേയുടെ വിവിധ പ്രവര്‍ത്തനങ്ങളും പാര്‍ട്ടി പരിപാടികളും ഉദ്ഘാടനം ചെയ്യും.