കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്ര സർക്കാർ നിരോധിച്ച റിഹാബ് ഫൗണ്ടേഷന് എതിരെ ബിജെപി. ഐഎൻഎൽ ദേശീയ അധ്യക്ഷൻ പ്രൊഫ. മുഹമ്മദ് സുലൈമാൻ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റിയാണെന്നാണ് ബിജെപി ആരോപണം. എന്നാൽ കേരളത്തിൽ ഈ സംഘടന ഇല്ലെന്നും അതിന്‍റെ പ്രവർത്തനങ്ങളെ കുറിച്ച് ഒന്നും അറിയില്ലെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്‍റും മന്ത്രിയുമായ അഹമ്മദ് ദേവർ കോവിൽ ഇടിവി ഭാരതിനോട് പറഞ്ഞു.
![inl had relation with rihab india foundation ahammaed devarkovil reacts to bjp allegation rihab india foundation front of pfi ahammed devarkovil reactions k surenrdan statement about inl bjp statement about inl amith malavya latest news in kozhikode latest news today ഐഎൻഎൽ ദേശീയ അധ്യക്ഷൻ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റി റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ പ്രതികരിച്ച് അഹമ്മദ് ദേവര്‍കോവില്‍ പ്രൊഫ മുഹമ്മദ് സുലൈമാൻ ഫേസ്‌ബുക്കില്‍ പ്രതികരിച്ച് ദേവര്‍കോവില്‍ ഐഎൻഎല്ലിന് അടുത്ത ബന്ധമെന്ന് സുരേന്ദ്രന്‍ സുലൈമാൻ സേട്ടിന്‍റെ പാര്‍ട്ടി](https://etvbharatimages.akamaized.net/etvbharat/prod-images/kl-kkd-28-07-fb-dervarkovil-7203295_28092022135559_2809f_1664353559_302.jpg)
'രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് ഏതാനും വ്യക്തികൾ ചേർന്ന് രൂപീകരിച്ച സംഘടന എന്ന് മാത്രമേ അറിയൂ. മുഹമ്മദ് സുലൈമാനും റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായുള്ള ബന്ധം അറിയില്ല. ഞങ്ങളുടെ പാർട്ടിയിൽ നിന്നും പുറത്ത് പോയ ചിലരാണ് അനാവശ്യ വിവാദങ്ങൾക്ക് പിന്നിൽ'. ദുബായിൽ നിന്നും തിരിച്ചെത്തിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ദേവർ കോവിൽ പറഞ്ഞു.
ഫേസ്‌ബുക്കില്‍ പ്രതികരിച്ച് ദേവര്‍കോവില്‍: റിഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമാണുള്ളതെന്ന് ആരോപിച്ച കെ സുരേന്ദ്രനെതിരെ മന്ത്രി അഹമ്മദ് ദേവർ കോവില്‍ ഫേയ്‌സ്‌ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. പരിഹാസ്യമായ അസംബന്ധങ്ങൾ എഴുന്നള്ളിച്ച് മാധ്യമങ്ങളിൽ സാന്നിധ്യമറിയിക്കുക എന്നതിലപ്പുറം കെ സുരേന്ദ്രന്‍റെ പ്രസ്‌താവനയെ കാണുന്നില്ല. റിഹാബ് ഫൗണ്ടേഷനുമായി എന്നെയും എന്‍റെ പാർട്ടിയെയും ബന്ധിപ്പിച്ച് സുരേന്ദ്രൻ ഇന്ന് നടത്തിയത് ആ ഗണത്തിലുള്ള ഒരു ഉണ്ടയില്ലാ വെടിയാണെന്നും എല്ലാ തീവ്രവാദ സരണികളോടും വിട്ടുവീഴ്‌ചയില്ലാതെ എതിർക്കുക എന്നത് ഐ.എന്‍.എല്ലിന്‍റെയും ഇടതുപക്ഷ മുന്നണിയുടെയും മന്ത്രിസഭയുടെയും പ്രഖ്യാപിത നിലപാടാണെന്ന അഹമ്മദ് ദേവര്‍കോവില്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
ഐഎൻഎല്ലിനേയും പാര്‍ട്ടിയുടെ പ്രതിനിധിയായ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനേയും എൽഡിഎഫിൽ നിന്നും സര്‍ക്കാരിൽ നിന്നും പുറത്താക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമാണ് വിഷയത്തിൽ എൽഡിഎഫിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയോടൊപ്പം നിരോധിക്കപ്പെട്ട റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റിയാണ് ഐഎൻഎൽ ദേശീയ അധ്യക്ഷൻ പ്രൊഫ. മുഹമ്മദ് സുലൈമാൻ എന്ന് അമിത് മാളവ്യ പറയുന്നു.
രൂക്ഷവിമർശനവുമായി സുരേന്ദ്രന്‍: കേരളത്തിലെ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിൽ, സുലൈമാൻ സേട്ടിന്‍റെ പാര്‍ട്ടിയുടെ ജനറൽ സെക്രട്ടറിയാണ്. തീവ്രവാദ സംഘടനയുമായി സഹകരിക്കുന്ന ഈ നേതാക്കൾക്കും തീവ്രവാദം കാണില്ലേയെന്നും അമിത് മാളവ്യ ചോദിച്ചു. ഇന്ന് നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി ഐഎൻഎലിന് അടുത്ത ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
ഇരുസംഘടനകളുടേയും തലവൻ ഒരാൾ ആണ്. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനും റിഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമാണുള്ളത്. നിരോധിക്കപ്പെട്ട ഒരു സംഘനയുമായി ബന്ധമുള്ള ഒരാൾ എങ്ങനെ മന്ത്രിയായി തുടരും. ഇതിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
2008ൽ ഡൽഹി ആസ്ഥാനമായാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ സ്ഥാപിതമായത്. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക വികസനം, പരിസ്ഥിതി എന്നിവ നൽകി മെച്ചപ്പെട്ട ജീവിത നിലവാരത്തോടെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തെ പുനരധിവസിപ്പിക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. ബിഹാർ, ആന്ധ്രാപ്രദേശ്, അസം, ഡൽഹി, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സ്ഥാനങ്ങളിലായിരുന്നു പ്രധാന പ്രവർത്തനം. സംഘടന പ്രവർത്തനങ്ങൾക്കായി വരുന്ന ഫണ്ടിലെ അവ്യക്തതകളാണ് നിരോധനത്തിലേക്ക് എത്തിച്ചത്.