ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയിലേക്ക് അഗ്നിവീര്‍ പദ്ധതിയിലൂടെ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്ന രീതിയില്‍ മാറ്റം. ഇനി മുതല്‍ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ആദ്യം ഓണ്‍ലൈന്‍ പൊതുപരീക്ഷ നടത്തും. തുടര്‍ന്ന് രണ്ടാം ഘട്ടത്തിലാകും കായിക ക്ഷമതയും മെഡിക്കല്‍ പരിശോധനയും നടത്തുന്നത്.
അപേക്ഷകരുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് റിക്രൂട്ട്മെന്‍റ് നടപടികളില്‍ മാറ്റം വരുത്താന്‍ കാരണമായതെന്നാണ് പുറത്ത് വരുന്ന വിവരം. നേരത്തെ റിക്രൂട്ട്മെന്‍റ് നടപടി ക്രമങ്ങളുടെ ഭാഗമായി ഉദ്യോഗാര്‍ഥികളുടെ കായിക ക്ഷമതയും മെഡിക്കല്‍ പരിശോധനയുമായിരുന്നു ആദ്യം. തുടര്‍ന്നായിരുന്നു പൊതുപ്രവേശന പരീക്ഷ നടത്തിയിരുന്നത്.
നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കുന്നതിലൂടെ ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറച്ച്, സാമ്പത്തിക ചെലവും, ഉദ്യോഗസ്ഥരുടെ വിന്യാസവും ലഘൂകരിക്കാനാകുമെന്നാണ് കരസേനയുടെ അഭിപ്രായം. 2023-2024 കാലയളവ് മുതലാകും പുതിയ രീതി അപേക്ഷകര്‍ക്ക് ബാധകമാകുക എന്നും കരസേന വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യ ഘട്ടത്തില്‍ ഓരോ കേന്ദ്രങ്ങളിലും ഒന്നരലക്ഷത്തോളം പേര്‍ റിക്രൂട്ട്മെന്‍റില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ നിന്ന് 19,000 പേരെ സൈന്യം റിക്രൂട്ട് ചെയ്‌തിരുന്നുവെന്നാണ് വിവരം. ഈ വര്‍ഷം പകുതിയോടെ ആദ്യ ബാച്ച് സൈനിക സേവനം ആരംഭിക്കും.
ഇന്ത്യന്‍ സായുധ സേനകളിലേക്ക് യുവജനങ്ങള്‍ക്ക് ഹ്രസ്വകാല നിയമനം നല്‍കുന്ന പദ്ധതിയാണ് അഗ്നിപഥ്. വാര്‍ഷിക പ്രതിരോധ ബജറ്റില്‍ വര്‍ധിച്ചുവരുന്ന പെന്‍ഷന്‍ ചെലവ് കുറച്ചുകൊണ്ട് ദീര്‍ഘകാലമായി മാറ്റിവച്ചിരുന്ന സൈനിക നവീകരണത്തിന് വേണ്ടി പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്.
സേനയുടെ ധാര്‍മികതയേയും ഫലപ്രാപ്‌തിയേയും അഗ്നിപഥ് പദ്ധതി പ്രതികൂലമായി ബാധിക്കുമെന്ന് ആദ്യം മുതല്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പദ്ധതിക്കെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.