ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. ഇന്ന് (27-06-2022) രാജ്യത്തെ മുഴുവന്‍ നിയമസഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും സത്യഗ്രഹം നടത്തും. രാവിലെ പത്ത് മുതല്‍ ഉച്ചയ്‌ക്ക് ഒരുമണിവരെയാണ് കോണ്‍ഗ്രസ് സത്യഗ്രഹം.
അസംബ്ലിതല സത്യഗ്രഹത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുള്‍പ്പടെയാണ് നേതൃത്വം നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ അഗ്നിപഥ് യുവജന വിരുദ്ധവും, ദേശവിരുദ്ധവുമാണെന്നാണ് കോണ്‍ഗ്രസ് നിലപാട്. യുവാക്കൾക്കൊപ്പമാണ് പാർട്ടി നിലകൊള്ളുന്നതെന്നും 'തുഗ്ലക്ക് തീരുമാനം' ഉടൻ പിൻവലിക്കണമെന്നും കോൺഗ്രസ് വക്താവ് ശക്തിസിൻഹ് ഗോഹിൽ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
അഗ്നിപഥ് പിൻവലിക്കണമെന്നും പദ്ധതി നല്ലതാണെന്ന് പറയുന്ന എല്ലാ മന്ത്രിമാരും ബിജെപി വക്താക്കളും അവരുടെ മക്കളെയും പദ്ധതിക്ക് കീഴിൽ റിക്രൂട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു. പാർട്ടി ഓഫീസ് സംരക്ഷിക്കുന്നതിന് 'അഗ്നിവീരന്മാർ'ക്ക് മുൻഗണന നൽകുമെന്ന ബിജെപി നേതാവ് കൈലാഷ് വിജയവർജിയയുടെ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും ഗോഹിൽ ആവശ്യപ്പെട്ടു.
വിഷയത്തിൽ ജൂൺ 20ന് ന്യൂഡൽഹിയിലെ ജന്തർമന്തറിലും വിവിധ സംസ്ഥാനങ്ങളിലും കോൺഗ്രസ് സമാധാനപരമായ സത്യാഗ്രഹം ആചരിച്ചിരുന്നു. കോൺഗ്രസ് എംപിമാർ അഗ്നിപഥിനെതിരെ പാർലമെന്റിൽ നിന്ന് സമാധാനപരമായ മാർച്ച് നടത്തുകയും മുതിർന്ന നേതാക്കളുടെ പ്രതിനിധി സംഘം സായുധസേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയ രാഷ്ട്രപതിക്ക് നിവേദനം നൽകുകയും ചെയ്‌തിരുന്നു.
Also read:'ഒറ്റ രാത്രികൊണ്ടെടുത്ത തീരുമാനമല്ല' ; അഗ്നിപഥ് പദ്ധതി പിൻവലിക്കില്ലെന്ന് അജിത് ഡോവൽ