ലണ്ടൻ: ഇന്ത്യക്കാര്‍ക്ക് ഓരോ വർഷവും 3000 വിസകൾ അനുവദിക്കുമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് യുകെയിൽ ജോലി ചെയ്യുന്നതിനാണ് വിസ. ബിരുദധാരികളായ 18 - 30 വയസ് വരെയുള്ള യുവാക്കള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് ഈ വിസയുടെ പ്രയോജനം ലഭിക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് നേട്ടമായി പുതിയ പ്രഖ്യാപനം. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരമേറ്റതിന് ശേഷമുള്ള മോദിയുടെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ബാലിയിലേത്. കഴിഞ്ഞ വർഷം ഇന്ത്യയും യു കെയും തമ്മിൽ കുടിയേറ്റ കരാർ ഒപ്പുവച്ചതിന് പിന്നാലെ പ്രഖ്യാപിക്കപ്പെട്ട പുതിയ പദ്ധതി എന്ന പ്രത്യേകതയും പുതിയ പ്രഖ്യാപനത്തിനുണ്ട്. ഇത്തരമൊരു പദ്ധതിയിൽ നിന്ന് പ്രയോജനം നേടുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.
ഇന്ത്യയുമായുള്ള രാജ്യത്തിന്‍റെ ഉഭയകക്ഷി ബന്ധം സുദൃഢമാക്കുന്നതിനും, യുകെയുടെ സമ്പദ്‌വ്യവസ്ഥകളെ ശക്തമാക്കുന്ന ഇന്തോ-പസഫിക് ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ഈ പദ്ധതി പ്രയോജനകരമാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഒദ്യോഗിക വസതിയായ ഡൗണിങ് സ്‌ട്രീറ്റ് അറിയിച്ചു.
അതേസമയം അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുള്ള നടപടികളും ശക്തമാക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി. നിലവിൽ യുകെയിലെ അന്താരാഷ്‌ട്ര വിദ്യാർഥികളിൽ നാലിലൊന്ന് പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. കുടിയേറ്റവുമായി ബന്ധപ്പെട്ട് മികച്ച സഹകരണം ഉറപ്പാക്കുന്നതിനായി കഴിഞ്ഞ വർഷമാണ് ഇന്ത്യൻ സർക്കാരുമായി ബ്രിട്ടിഷ് സർക്കാർ യുകെ-ഇന്ത്യ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പങ്കാളിത്ത കരാറിൽ ഒപ്പുവച്ചത്.