ബെംഗളൂരു: കൊവിഡിന്‍റെ പശ്ചാത്തലത്തിലുള്ള തട്ടിപ്പ് സംഘങ്ങൾ നഗരങ്ങളിൽ സജീവമാണ്. ബെംഗളൂരു നഗരത്തിൽ ബെഡ് ബ്ലോക്കിങ് റാക്കറ്റുകൾ തട്ടിപ്പ് നടത്തുന്നത് വിവിധ ഇങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ നിരവധിപ്പേർ കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ് പിടിയിലായി. ഇതോടെ ഇന്നലെ വരെ ആശുപത്രികളിൽ കിടക്കകൾ ഒഴിവില്ലെന്ന് കാട്ടിയ ബിബിഎംപി(ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ)വെബ്‌സൈറ്റിൽ ഇന്ന് 3,210 കിടക്കകൾ ഒഴിവുള്ളതായാണ് കാണിക്കുന്നത്.
നഗരത്തിന്‍റെ തെക്കൻ മേഖലയിലെ കൊവിഡ് വാർ റൂം ഉദ്യോഗസ്ഥർ നടത്തിയ ബെഡ് ബുക്കിങ് അഴിമതി ഇന്നലെ പുറത്ത് വന്നിരുന്നു. സൗത്ത് സോണിൽ ഇത്തരം തട്ടിപ്പ് നടത്തിയ 17 കരാർ തൊഴിലാളികളെയാണ് ഇതുവരെ പുറത്താക്കിയത്.
നിലവിൽ നഗരത്തിലെ സർക്കാർ മെഡിക്കൽ കോളജുകൾ, സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ 1,693 കിടക്കകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കൂടാതെ, കൊവിഡ് കെയർ സെന്‍ററുകളിൽ 1,517 കിടക്കകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. നഗരത്തിൽ ഓക്സിജന്‍റെ ലഭ്യത 10 ശതമാനമാണ്. 127 സ്വകാര്യ ആശുപത്രികളിൽ 29 ഐസിയു, 13 വെന്‍റിലേറ്റർ ബെഡ്ഡുകൾ തുടങ്ങിയവ സർക്കാർ ക്വാട്ടയിൽ ലഭ്യമാണ്.
ബെംഗളൂരു സൗത്ത് സോൺ എംപി തേജസ്വി സൂര്യ, ബോമ്മനഹള്ളി എംഎൽഎ സതീഷ് റെഡ്ഡി, ബസവനഗുഡി എംഎൽഎ രവി സുബ്രഹ്മണ്യ, ചിക്കപേട്ട് എംഎൽഎ ഉദയ് ഗരുഡാചാർ എന്നിവർ ബാംഗ്ലൂർ നഗരത്തിൽ ബെഡ് ബ്ലോക്കിങ് റാക്കറ്റുകൾ സജീവമാണെന്ന് ആരോപിച്ചിരുന്നു. അതേസമയം, കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളിൽ കിടക്കകൾ ഒഴിവുണ്ടെന്നും ബിബിഎംപി കൊവിഡ് വാർ റൂമിലെ ഉദ്യോഗസ്ഥരും അവരുടെ ഏജന്‍റുമാരും കിടക്കകളുടെ എണ്ണത്തിൽ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
എന്താണ് ബെഡ് ബ്ലോക്കിങ് റാക്കറ്റ്
കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി തയാറാക്കിയിരിക്കുന്ന ആശുപത്രികളിൽ കിടക്കൾ ഒഴിവില്ലെന്ന് ബ്രഹത് ബെംഗളൂരു മഹാനഗര പാലികെയുടെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തുകയും തുടർന്ന് ഏജന്‍റുകൾ വഴി കണ്ടെത്തുന്ന ആവശ്യക്കാരിൽ നിന്ന് അധിക പണം ഈടാക്കി കിടക്കകൾ നൽകുകയും ചെയ്യുകയാണ് ബെഡ് ബ്ലോക്കിങ് റാക്കറ്റ്.