ജയ്‌പൂർ : സ്വകാര്യ ഭാഗങ്ങളിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ആഫ്രിക്കൻ യുവതി ജയ്‌പൂർ വിമാനത്താവളത്തിൽ പിടിയിൽ. റവന്യൂ ഇന്‍റലിജൻസ് വിഭാഗമാണ് ആഫ്രിക്കൻ വനിതയെ മയക്കുമരുന്നുമായി പിടികൂടിയത്. മയക്കുമരുന്ന് ക്യാപ്‌സൂളുകൾ വീണ്ടെടുക്കാനുള്ള ശസ്‌ത്രക്രിയക്കായി യുവതിയെ നഗരത്തിലെ സവായ് മാൻസിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷാർജയിൽ നിന്ന് ജയ്‌പൂരിലേക്ക് കടത്തുന്നതിനിടെയാണ് യുവതി പിടിയിലായത്. സംശയം തോന്നിയതിനെ തുടർന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. എന്നാല്‍ സംശയാസ്‌പദമായ വസ്‌തുക്കളൊന്നും കണ്ടെത്താനായില്ല.
തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിആർഐ യുവതിയെ കസ്റ്റഡിയിലെടുത്ത് ദേഹ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്‌കാനിങ്ങിൽ ശരീരത്തിനുള്ളിൽ മയക്കുമരുന്നുണ്ടെന്ന് കണ്ടെത്തി.
80ഓളം ക്യാപ്‌സൂളുകളായി കടത്തുകയായിരുന്ന മയക്കുമരുന്നിന് പൊതുവിപണിയിൽ 10 കോടിയിലധികം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മയക്കുമരുന്ന് ഏത് വിഭാഗത്തിൽപ്പെടുന്നവയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.