ഹൈദരാബാദ് : അഫ്‌ഗാനിസ്ഥാനിൽ കുടുങ്ങിയ 41 മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ.ഇളങ്കോവൻ വിദേശകാര്യ മന്ത്രാലയ സെക്രട്ടറിക്ക് കത്തെഴുതി.
താലിബാന്‍റെ അധീനതയിലുള്ള കാബൂളിൽ സ്ത്രീകളും കുട്ടികളുമടക്കം കുടുങ്ങിക്കിടക്കുകയാണെന്നും അവരെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്നും കത്തിൽ പറയുന്നു.
ആളുകളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയോടും സിഇഒ ഹരികൃഷ്‌ണൻ നമ്പൂതിരിയോടും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു.
അഫ്‌ഗാനിൽ കുടുങ്ങിക്കിടക്കുന്നവരുടെ ബന്ധുക്കളിൽ നിന്ന് നിരവധി കോളുകളാണ് സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിലുള്ള നോർക്കയിലേക്ക് വരുന്നത്.
ഈ സാഹചര്യത്തിലാണ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത്.
അഫ്‌ഗാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ തിരിച്ചറിയൽ രേഖകൾ താലിബാൻ പരിശോധിക്കുകയാണെന്നും പാസ്പോർട്ടുകൾ അടക്കമുള്ള നിർണായക രേഖകൾ എടുത്തുമാറ്റുകയാണെന്നും സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.