ന്യൂഡല്‍ഹി: ഇന്ത്യയിലെ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ച് അഫ്‌ഗാനിസ്ഥാന്‍ (Afghan Embassy Closing Down In India). എംബസി തലവന്‍ ഫരീദ് മാമുന്‍ഡ്‌സെ (Farid Mamundzay) നിലവില്‍ ലണ്ടനിലാണെന്നാണ് ലഭിക്കുന്ന വിവരം. അഫ്‌ഗാന്‍ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തയുടെ ആധികാരികത പരിശോധിച്ച് കേന്ദ്ര സര്‍ക്കാര്‍.
ശനിയാഴ്‌ച (സെപ്‌റ്റംബര്‍ 30) അടച്ചിടുമെന്ന് പറഞ്ഞ് വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചതായി എംബസി അധികൃതര്‍ പറയുന്നു. അതേസമയം ഇത്തരമൊരു കത്ത് ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. എംബസി പ്രവര്‍ത്തനം നിര്‍ത്തുന്നത് സംബന്ധിച്ചും കത്തയച്ചിട്ടുണ്ടെങ്കില്‍ അതിലെ ഉള്ളടക്കത്തെ സംബന്ധിച്ചുമാണ് സര്‍ക്കാര്‍ പരിശോധന നടത്തുന്നത്.
എംബസി തലവനായ മാമുന്‍ഡ്‌സെ മുന്‍ അഷ്‌റഫ് ഗാനി (Ashraf Ghani govt) സര്‍ക്കാര്‍ നിയമിച്ചയാളാണെന്ന് ചൂണ്ടിക്കാട്ടി നിരവധി വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് എംബസിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പുതിയ നടപടിക്ക് കാരണം. 2021 ല്‍ താലിബാന്‍ അഫ്‌ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തത് മുതല്‍ ഫരീദ് മാമുന്‍ഡ്‌സെയാണ് എംബസിയുടെ തലവന്‍. കഴിഞ്ഞ കുറെ നാളുകളായി മാമുന്‍ഡ്‌സെ ഇന്ത്യക്ക് പുറത്ത് താമസിക്കുന്നതും നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
ഇത്തരം വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി എംബസി ഉദ്യോഗസ്ഥര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മാസങ്ങള്‍ക്ക് മുമ്പ് ലണ്ടനിലെ കുടുംബത്തെ സന്ദര്‍ശിക്കാനായി മാമുന്‍ഡ്‌സെ അവിടെ പോയതോടെ അദ്ദേഹത്തെ കാണാതായെന്ന് വാര്‍ത്ത പരന്നു. ഇതിന് പിന്നാലെ മാമുന്‍ഡ്‌സെയുടെ സ്ഥാനത്ത് എംബസി തലവനായി ഖാദിര്‍ ഷായെ താലിബാന്‍ നിയമിച്ചു. തുടര്‍ന്ന് കഴിഞ്ഞ മേയില്‍ മാമുന്‍ഡ്‌സെ തിരിച്ചെത്തിയതോടെ അദ്ദേഹത്തിന്‍റെ എംബസിയിലേക്കുള്ള പ്രവേശനം ഖാദിര്‍ നിഷേധിച്ചു. ഇതോടെ മാമുന്‍ഡ്‌സെ വീണ്ടും ലണ്ടനിലേക്ക് തിരിച്ച് പോയി.
സംഭവത്തിന് പിന്നാലെ ഖാദിര്‍ ഷായെ തന്നെ എംബസിയുടെ തലവനായി താലിബാന്‍ നിയമിച്ചതായി ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് ലഭിച്ചത്. എംബസി തലവന്മാരുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതോടെയാണ് തുടക്കം കുറിച്ചത്. നിലവില്‍ താലിബാന്‍ തീരുമാനത്തെ ഇന്ത്യ അംഗീകരിച്ചിട്ടില്ല.
ഇന്ന് (സെപ്‌റ്റംബര്‍ 29) റഷ്യയിലെ കസാനില്‍ അഫ്‌ഗാനിസ്ഥാന്‍ യോഗം ചേരാനിരിക്കേയാണ് എംബസി പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. യോഗത്തില്‍ ഇന്ത്യ പങ്കെടുക്കാനിരിക്കവേയാണ് സംഭവം. എംബസിയുടെ കത്ത് ലഭിച്ചതിന് ശേഷമായിരിക്കും കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ തുടര്‍ നടപടികളിലേക്ക് നീങ്ങുക.