മുംബൈ: നടി അതിഥി റാവു ഹൈദരിയും നടന്‍ സിദ്ധാര്‍ഥുമായി പ്രണയത്തിലാണെന്നത് ഏറെ നാളായി ആരാധകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു അഭ്യൂഹമാണ്. ഇരുവരും തങ്ങളുടെ ബന്ധത്തെകുറിച്ച് വെളിപ്പെടുത്തുവാന്‍ ഇതുവരെ തയ്യാറാകാത്തതും ആരാധകര്‍ക്കിടയിലുള്ള അഭ്യൂഹങ്ങള്‍ ശക്തിപ്പെടുവാന്‍ കാരണമായി. ഇപ്പോഴിതാ, സിദ്ധാര്‍ഥിനൊപ്പം അതിഥി റാവു ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ച സെല്‍ഫിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലാകുന്നത്.
തന്‍റെ ഉറ്റസുഹൃത്തുക്കളുമായി ഡേറ്റ് നൈറ്റ് പങ്കിടുന്ന ചിത്രമാണ് നടി ഇന്‍സ്‌റ്റയില്‍ പങ്കുവച്ചത്. ഹോമീസ് എന്ന അടിക്കുറിപ്പും ചിത്രത്തിനൊപ്പം പങ്കിട്ടു. ഇതോടെ ആരാധകര്‍ക്കിടയില്‍ ഇരുവരുടെയും ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമായി.
മാനിക്കോണ്‍ എന്ന് സിദ്ധാര്‍ഥിനെ വിശേഷിപ്പിച്ച് അതിഥി: 2021ലെ മഹാ സമുദ്രം എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായതെന്നാണ് റിപ്പോര്‍ട്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സിദ്ധാര്‍ഥിന്‍റെ പിറന്നാള്‍ ദിനത്തില്‍ അതിഥി പങ്കുവച്ച വീഡിയോയും വൈറലായിരുന്നു. സിദ്ധാര്‍ഥിനെ മാനിക്കോണ്‍(ഒറ്റ കൊമ്പുള്ള മനുഷ്യന്‍) എന്നായിരുന്നു അതിഥി വിശേഷിപ്പിച്ചിരുന്നത്.
'പിറന്നാള്‍ ആശംസകള്‍ മാനിക്കോണ്‍. എപ്പോഴും സന്തോഷമായിരിക്കൂ. സിനിമ, സ്‌നേഹം, സംഗീതം, എപ്പോഴും നല്ലത് മാത്രം കൊണ്ടുനടക്കുന്ന നിന്‍റെ ഹൃദയം, നിറഞ്ഞ ചിരി ഇവ ഒന്നും നിന്നെ വിട്ട് പോകാതിരിക്കട്ടെ. നീ നീയായ് തന്നെ ഇരിക്കൂ, സന്തോഷം നിറഞ്ഞ സിദ്ധു ദിനം' - നടി കുറിച്ചു.
ഹൃദയത്തിലെ രാജകുമാരിയെന്ന് അതിഥിയെ വിശേഷിപ്പിച്ച് സിദ്ധാര്‍ഥ്: കഴിഞ്ഞ വര്‍ഷം അതിഥിയുടെ 36ാം പിറന്നാള്‍ ദിനത്തില്‍ അപൂര്‍വമായ ഒരു ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സിദ്ധാര്‍ഥ് ആശംസ അറിയിച്ചത്. 'എന്‍റെ ഹൃദയത്തിലെ രാജകുമാരിക്ക് പിറന്നാള്‍ ആശംസകള്‍. ചെറുതും വലുതും ഇതുവരെ ഞാന്‍ അറിയാത്തതുമായ നിന്‍റെ എല്ലാ സ്വപ്‌നങ്ങളും സാധ്യമാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു'- സിദ്ധാര്‍ഥ് ആശംസ അറിയിച്ചു.
പിറന്നാള്‍ ദിനത്തില്‍ മാത്രമല്ല പങ്കുവയ്‌ക്കുന്ന ഓരോ ചിത്രത്തിനും ഇരുവരും പരസ്‌പരം കമന്‍റ് ചെയ്യാറുണ്ട്. എന്നാല്‍ തങ്ങളെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ സത്യമാണെന്നോ അല്ലെന്നോ ഇരുവരും ഇതുവരെയും പ്രതികരിച്ചിട്ടില്ല. സത്യദീപ് മിശ്രയായിരുന്നു അതിഥിയുടെ മുന്‍ ഭര്‍ത്താവ്.
അതിഥിയുടെ വരാനിരിക്കുന്ന ചിത്രം: സത്യദീപ് അടുത്തിടെ ഫാഷന്‍ ഡിസൈനര്‍ മസാബയുമായി വിവാഹിതനായി. ഇന്‍റോ- യുകെ കോ പ്രൊഡക്ഷന്‍ ചിത്രമായ ലയണസിലാണ് അതിഥി ഏറ്റവും ഒടുവില്‍ വേഷമിടുന്നത്. ഇന്ത്യയും യുകെയും ചേര്‍ന്ന് സംയുക്തമായി നിര്‍മിക്കുന്ന ചിത്രമാണിത്. 2008ല്‍ ഒപ്പു വച്ച ചിത്രം കാൻസിലെ ഫിലിം ഫെസ്‌റ്റിവലിലായിരുന്നു പ്രഖ്യാപിച്ചത്.
സോഫിയ ദുലീപാ രാജകുമാരിയുടെ കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് പീറ്റര്‍ ബാന്‍സാണ് കഥയുടെ ഗവേഷണം നടത്തിയത്. യുകെയില്‍ താമസമാക്കിയിരിക്കുന്ന രണ്ട് ബ്രിട്ടീഷ് പഞ്ചാബി സ്‌ത്രീകളുടെ കഥ പറയുന്ന ചിത്രമാണിത്. ചിത്രത്തിലെ ഒരു നിര്‍മാതാവാണ് പീറ്റര്‍. സഞ്ജയ് ലീല ബൻസാലിയുടെ ഹീരമാണ്ഡിയിലും അതിഥി വേഷമിടുന്നുണ്ട്.
also read: Jawan Song| പ്രണയജോഡികളായി ഷാരൂഖ് ഖാനും നയന്‍താരയും; ജവാനിലെ ചലേയ ഗാനം പുറത്ത്