ബെംഗളുരു : കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോൾ പകർച്ചവ്യാധിയുടെ തുടക്കം മുതൽ കൊവിഡ് സ്പർശമേൽക്കാതെ ദക്ഷിണ കന്നടയിലെ എലനീരു ഗ്രാമം. 136 കുടുംബങ്ങളും 600ലധികം താമസക്കാരുമുള്ള ബെൽത്തങ്ങടി താലൂക്കിലെ എലനീരു ഗ്രാമത്തിൽ കൊവിഡിന്‍റെ തുടക്കം മുതൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.
കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി ഗ്രാമവാസികൾ പാലിച്ചത് കൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്ന് പഞ്ചായത്ത് വികസന ഓഫിസർ ഗായത്രി പി. പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ഗ്രാമവാസികൾ വീടുവിട്ട് പുറത്ത് പോകുകയുള്ളൂ. സാമൂഹ്യക്ഷേമ വകുപ്പിൽ നിന്ന് ഗ്രാമവാസികൾക്ക് എല്ലാ മാസവും പോഷകാഹാരം ലഭിക്കുന്നുണ്ടെന്നും ഗായത്രി പറയുന്നു.
Also Read: ചീഫ് ജസ്റ്റിസിന് കത്തയച്ച് അഞ്ചാം ക്ലാസുകാരി ; മറുപടിക്കൊപ്പം ഭരണഘടനയുടെ പകർപ്പും
ഏകദേശം 632 താമസക്കാരുള്ള ഗ്രാമത്തിൽ രോഗലക്ഷണങ്ങളുള്ള 60ലധികം പേർക്ക് കൊവിഡ് പരിശോധന നടത്തി. എന്നാൽ എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. കൂടാതെ, 45 വയസിന് മുകളിലുള്ള 135 പേരിൽ 120 പേർക്കും ഉടൻ വാക്സിനേഷനും നൽകി.
വെള്ളച്ചാട്ടങ്ങളും ട്രക്കിങ് സൈറ്റുകളുമുള്ള ഗ്രാമത്തിൽ വിനോദ സഞ്ചാരികൾ സ്ഥിരമായി വരാറുണ്ടായിരുന്നു. എന്നാൽ കൊവിഡ് ആരംഭിച്ച ശേഷം വിനോദ സഞ്ചാരികൾക്ക് ഗ്രാമത്തിലേക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി.