കൊൽക്കത്ത : കൊല്‍ക്കത്ത അന്താരാഷ്‌ട്ര പുസ്‌തക മേളയ്ക്കിടെ പോക്കറ്റടിച്ചെന്ന് ആരോപിച്ച് ബംഗാളി നടി രൂപ ദത്തയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശനിയാഴ്‌ച വൈകീട്ടാണ് സംഭവം. പരിശോധനയില്‍ ഇവരുടെ ബാഗില്‍ നിന്ന് 75,000 രൂപയും നിരവധി പേഴ്‌സുകളും കണ്ടെടുത്തു.
ചവറ്റുകുട്ടയിലേക്ക് പേഴ്‌സ് വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഇവരെ ചോദ്യം ചെയ്യുകയും പിന്നീട് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിലാണ് ഇവര്‍ സിനിമ-സീരിയല്‍ താരമാണെന്ന് മനസിലായത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും ബിദാന്‍ നഗര്‍ നോര്‍ത്ത് പൊലീസ് അറിയിച്ചു.
Also read: നമ്മള്‍ 2022ലാണ്, ഇനിയെങ്കിലും സ്വയം മെച്ചപ്പെടൂ; വിമർശനങ്ങള്‍ക്ക് സാമന്തയുടെ മറുപടി
2020ല്‍ സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ രൂപ ദത്ത ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഫേസ്‌ബുക്കിലൂടെ അനുചിതമായ സന്ദേശങ്ങള്‍ അയച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ പിന്നീട് അനുരാഗ് കശ്യപിന്‍റെ അതേ പേരുള്ള ഒരാളുടെ അക്കൗണ്ടില്‍ നിന്നാണ് രൂപ ദത്തയ്ക്ക് സന്ദേശങ്ങള്‍ ലഭിച്ചതെന്ന് തെളിഞ്ഞിരുന്നു.