പാലക്കാട് : പെരുവെമ്പ് ഊട്ടുകുളങ്ങര ക്ഷേത്രത്തിൽ വ്യാഴാഴ്‌ച പുലര്‍ച്ചെ അപ്രതീക്ഷിതമായെത്തിയ സന്ദർശകനെ കണ്ട ഞെട്ടലിലാണ് ഭാരവാഹികളും നാട്ടുകാരുമെല്ലാം. തമിഴകത്തെ സൂപ്പർ താരം അജിത്താണ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ അപ്രതീക്ഷിത ദർശനം നടത്തിയത്.
പുലർച്ചെ 4.30 ന് എത്തിയ അദ്ദേഹം തൊഴുത് വഴിപാടുകൾ നേര്‍ന്നു. തുടർന്ന് ക്ഷേത്രത്തിലെ ഭാരവാഹികളോടൊപ്പവും വിവരമറിഞ്ഞെത്തിയ അയൽവാസികളോടൊത്തും ഫോട്ടോയ്ക്ക് പോസ് ചെയ്തതിനുശേഷം 5 മണിയോടെ മടങ്ങി. വിവരം സാമൂഹ മാധ്യമങ്ങളിലൂടെയറിഞ്ഞ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർ പെരുവെമ്പിലെത്തിയെങ്കിലും അദ്ദേഹം മടങ്ങിയതിനാൽ നിരാശരായി തിരികെ പോകേണ്ടിവന്നു.
2015ലും അജിത് ഊട്ടുകുളങ്ങര ക്ഷേത്രം സന്ദർശിച്ചിരുന്നു. അന്ന് കുടുംബസമേതം എത്തിയ നടനെ കാണാൻ ആരാധകർ വളഞ്ഞതോടെ ക്ഷേത്ര സന്ദർശനം അവസാനിപ്പിച്ച് അദ്ദേഹം നേരത്തെ മടങ്ങിയിരുന്നു.അജിത്തിന്‍റെ പിതാവ് പാലക്കാട്ടുകാരനാണ്.
കുടുംബത്തിൻ്റെ അടിമക്കാവ് ഊട്ടുകുളങ്ങര ഭഗവതിയാണെന്ന വിശ്വാസത്തിലാണ് താരം ക്ഷേത്ര സന്ദർശനം നടത്തുന്നതെന്നാണ് ഭാരവാഹികൾ പറയുന്നത്. താരത്തിന്‍റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ 'വലിമൈ' ബോക്‌സോഫീസിൽ വൻ വിജയമാണ് സ്വന്തമാക്കിയത്.