ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ കൊവിഡ് വാക്സിൻ നിർമ്മാതാക്കളെ സജീവമായി നിരീക്ഷണമെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാക്സിൻ ഡോസുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കേന്ദ്രസര്‍ക്കാരിനോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ അളവിൽ ലഭ്യമാക്കുന്നതിനായി, സ്വകാര്യ നിർമ്മാതാക്കൾ വാക്സിനുകൾ നിർമ്മിക്കുന്നത് കേന്ദ്രം സജീവമായി നിരീക്ഷിക്കുകയും മേൽനോട്ടം വഹിക്കുകയും വേണം. ഈ നിർണായക വശം സ്വകാര്യ നിർമ്മാതാക്കളുടെ വിവേചനാധികാരത്തിന് വിട്ടുകൊടുക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കെജ്‌രിവാൾ കേന്ദ്രത്തിനയച്ച കത്തിൽ പറയുന്നു.
Also read: ഡല്‍ഹിയില്‍ 13,336 പേര്‍ക്ക് കൊവിഡ് ; ഒറ്റ ദിനം 273 മരണം
സർക്കാരുകൾക്കും (കേന്ദ്രമായാലും സംസ്ഥാനമായാലും) സ്വകാര്യ ആശുപത്രികൾക്കും നൽകുന്ന വാക്സിനുകൾക്ക് ഏകീകൃത വില നിശ്ചയിക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെടുന്നു. മതിയായ അളവിൽ വാക്സിൻ വിതരണം ചെയ്യുന്നത് കേന്ദ്രം ഉറപ്പുവരുത്തിയാൽ മൂന്ന് മാസത്തിനുള്ളിൽ ഡല്‍ഹിയില്‍ എല്ലാവർക്കും വാക്സിനേഷൻ നൽകാൻ കഴിയുമെന്ന് കെജ്‌രിവാൾ നിരവധി തവണ ആവർത്തിച്ചിട്ടുണ്ട്. മൂന്ന് കോടി ഡോസുകൾ ഡല്‍ഹിക്ക് ആവശ്യമാണെന്നും അതിൽ 40 ലക്ഷം ഡോസുകൾ മാത്രമാണ് ഇതുവരെ ലഭിച്ചതെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.