ന്യൂഡൽഹി: ഡൽഹിയിലെ സഫ്‌ദർജംഗ് ശവകുടീര സമുച്ചയത്തിന് സമീപം വാഹനാപകടം. അപകടത്തിൽ യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായ ശവകുടീര സമുച്ചയത്തിലെ ഇരുമ്പ് ഗേറ്റിനും ശിലാഫലകത്തിനും കേടുപാട് സംഭവിച്ചു.
പുലർച്ചെ മൂന്ന് മണിയോടെയാണ് ലോധി റോഡിൽ നിന്ന് വന്ന കാർ പ്രധാന കവാടത്തിലേക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ മദ്യപിച്ചാണ് വാഹനമോടിച്ചിരുന്നത്. തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുകയും അപകടമുണ്ടാകുകയുമായിരുന്നു. അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവർ വിജയ് ബഹ്രിയെ(32) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.
ഐപിസി സെക്ഷൻ 279, സെക്ഷൻ 3, 1984ലെ പബ്ലിക് പ്രോപ്പർട്ടി ആക്റ്റ്, മോട്ടോർ വെഹിക്കിൾ ആക്ട് 185 എന്നിവ പ്രകാരം ഡ്രൈവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തെന്നും പ്രധാന ശവകുടീരത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.