മൻസ : തോക്കിനെയും അക്രമത്തെയും പാടിപ്പുകഴ്‌ത്തിയതില്‍ പല തവണ പഴി കേട്ട, വിവാദങ്ങള്‍ സൃഷ്‌ടിച്ച ഗായകനായിരുന്നു സിദ്ദു മൂസേവാല. ഒടുവില്‍, പാടി പുകഴ്‌ത്തിയ ആ 'തോക്ക് സംസ്‌കാരം' തന്നെ പ്രശസ്‌ത പഞ്ചാബി താരത്തിന്‍റെ ജീവനെടുത്തുവെന്നതും യാദൃശ്ചികമാണ്. സംസ്ഥാന കോണ്‍ഗ്രസ് നേതാവ് കൂടിയായ സിദ്ദുവിനുണ്ടായിരുന്ന വി.ഐ.പി സുരക്ഷ, ഭഗവന്ത് മന്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ഞായറാഴ്‌ച വൈകിട്ട് 30 റൗണ്ട് വെടിയേറ്റ് ദാരുണാന്ത്യമുണ്ടായത്.
ഞായറാഴ്‌ച, കാറിൽ നാട്ടിലേക്ക് പോകും വഴി പഞ്ചാബിലെ മന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ വച്ചാണ് ആരാധകരെ നടുക്കിയ ആ സംഭവമുണ്ടായത്. അക്രമികൾ തുടരെ വെടിവയ്‌ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. പിന്നിൽ ഗുണ്ട കുടിപ്പകയാണെന്ന് സംശയിക്കുന്നുവെങ്കിലും വെടിയുതിര്‍ത്തവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു.
സ്‌ത്രീ വിരുദ്ധതയോടും ലഹരിയോടും നോ, പക്ഷേ : ഇന്ത്യയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിചേര്‍ക്കപ്പെട്ട, കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഗോൾഡി ബ്രാർ കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെ സംഘം രംഗത്തെത്തിയെങ്കിലും പൊലീസ് ഇതുസംബന്ധിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സമകാലിക പഞ്ചാബി പോപ്പ്, റാപ്പ് ഗാനങ്ങളില്‍ നിന്നുമുള്ള വ്യത്യസ്‌തത തന്നെയാണ് ഈ ഗായകനെ വേറിട്ടുനിര്‍ത്തിയതും വന്‍ ആരാധകവൃന്ദത്തെ സൃഷ്‌ടിച്ചതും.
സ്‌ത്രീ വിരുദ്ധതയും ലഹരിയും മഹത്വവത്‌ക്കരിക്കുന്ന ഒന്നും തന്നെ സിദ്ദുവിന്‍റെ പാട്ടുകളിലില്ലെങ്കിലും അക്രമം പ്രോത്സാഹിപ്പിച്ചതിന് അദ്ദേഹത്തിനെതിരെ കേസെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മൻസ ജില്ലയിലെ മൂസ പ്രദേശവാസിയായ സിദ്ദു പേരിനൊപ്പം 'മൂസേ വാലെ' ചേര്‍ക്കുകയായിരുന്നു. 2018 ൽ ആയുധമേന്തി പാടിയ പാട്ട് വന്‍ ചര്‍ച്ചയ്‌ക്ക് ഇടയാക്കി. മാതാവ് ചരൺജിത് കൗർ, മൂസ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റാണ്. പന്ത്രണ്ടാം ക്ലാസുവരെ മന്‍സയില്‍ പഠിച്ച അദ്ദേഹം കാനഡയില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി. ബിരുദത്തിനുശേഷം രാഷ്‌ട്രീയത്തിൽ ഇറങ്ങി.
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പായി 2021 ഡിസംബര്‍ മൂന്നിനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. മന്‍സ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പ്രശസ്‌തിയും വിവാദവും ഒരു പോലെയാണ്, ശുഭ്‌ദീപ് സിങ് സിദ്ദു മൂസേവാലയെന്ന ആ 28 കാരന്‍റെ ജീവിതത്തിലുണ്ടായത്.
ശൈലികൊണ്ട് വൃത്യസ്‌തന്‍ : തനതായ ആലാപനശൈലി കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ ലോകമെമ്പാടും പ്രശസ്‌തി കൈവരിക്കാന്‍ സിദ്ദു മൂസേവാലയ്‌ക്കായിട്ടുണ്ട്. ''ക്യാ കഭി അംബര്‍ സേ, സൂര്യാഭി ഛഡ്‌താ ഹേ'', എന്നുതുടങ്ങുന്ന സിദ്ദു പാടിയ പാട്ടിന്‍റെ വരികള്‍ മലയാളികള്‍ക്ക് ഉള്‍പ്പടെ സുപരിചിതമാണ്. സ്വാതന്ത്ര്യ ദിനത്തിലും, റിപ്പബ്ലിക് ദിനത്തിലും രാജ്യത്തെ മിക്ക പൗരരും സോഷ്യല്‍ മീഡിയ സ്‌റ്റാറ്റസുകളാക്കിയിരുന്നത് ഈ പാട്ടാണ്.
വിവാദങ്ങളും കേസുകളും
1. ബർണാലയിലെ ബദ്‌ബാറിലുണ്ടായ വെടിവയ്പ്പ്
2. പാട്ടിലും വീഡിയോയിലും അക്രമം പ്രോത്സാഹിപ്പിച്ചതിന് 2020 ൽ മനസയിൽ കേസ് രജിസ്റ്റർ ചെയ്‌തു. ഐ.പി.സി 294,504,149 എന്നീ വകുപ്പുകള്‍ ചാര്‍ത്തി
3. 'ഗഭ്രു' എന്ന പാട്ടിനെതിരായി കേസ്. സഞ്ജയ് ദത്തും ഈ കേസില്‍ ഉൾപ്പെട്ടിരുന്നു
4. 'മൈ ഭാഗോ' എന്ന ഗാനത്തിലെ ആക്ഷേപകരമായ പരാമർശം വലിയ വിവാദത്തിനിടയാക്കി, സിഖുകാരുടെ ആരാധനാലയമായ ശ്രീ അകൽ തഖ്‌ത് സാഹിബില്‍ ചെന്ന് ക്ഷമാപണം നടത്തി.
5. കൊവിഡ് ബാധിച്ച് മരിച്ച ഹോഷിയാർപൂരിലെ 'ബംഗ മാനെ'ക്കുറിച്ചുള്ള പാട്ടുപാടിയിരുന്നു. എന്നാല്‍, ഗാനത്തിനെതിരെ മൂസേവാലയ്‌ക്കെതിരെ ഗ്രാമവാസികൾ എതിർപ്പ് പ്രകടിപ്പിയ്‌ക്കുകയുണ്ടായി.
പ്രശസ്‌തിയാര്‍ജിച്ച ഗാനങ്ങള്‍
'295'
'സോ ഹൈ'
'ഓള്‍ഡ് സ്‌കൂള്‍'
'സഞ്‌ജു'
സിനിമകള്‍
'യെസ് ഐ ആം എ സ്റ്റുഡന്‍റ്'
'തേരി മേരി ജോഡി'
'സിന്‍'
'സെസ് ജാട്ട്'