ബോളിവുഡ് താരം അഭിഷേക് ബച്ചന്‍റേതായി (Abhishek Bachchan) വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഘൂമര്‍' (Ghoomer). 'ഘൂമറി'ലെ ഫസ്‌റ്റ് ലുക്ക് മോഷന്‍ പോസ്‌റ്റര്‍ (Ghoomer first look motion poster) നിര്‍മാതാക്കള്‍ പുറത്തുവിട്ടു. അഭിഷേക് ബച്ചനും സയാമി ഖേറുമാണ് (Saiyami Kher) ഫസ്‌റ്റ് ലുക്കില്‍.
ശാരീരിക വെല്ലുവിളികൾ നേരിട്ടിട്ടും തന്‍റെ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള ആഗ്രഹത്തിൽ ഉറച്ചു നിൽക്കുന്ന ഭിന്നശേഷിയുള്ള ഒരു വനിത ക്രിക്കറ്റ് താരത്തിന്‍റെ യാത്രയെയാണ് മോഷന്‍ പോസ്‌റ്റര്‍ പരിചയപ്പെടുത്തുന്നത്. ഘൂമര്‍ ട്രെയിലര്‍ റിലീസ് വിവരവും മോഷന്‍ പോസ്‌റ്ററില്‍ വെളിപ്പെടുത്തുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ 'ഘൂമര്‍' ട്രെയിലര്‍ (Ghoomer trailer) റിലീസ് ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
ഒരു കൈ മാത്രമുള്ള ഒരാൾ രാജ്യത്തിന് വേണ്ടി കളിക്കുന്നത് യുക്തിസഹമാണോ എന്ന ചിന്തോദ്ദീപകമായ ചോദ്യത്തോടെയാണ് 34 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത്. വെള്ള നിറമുള്ള സ്‌പോർട്‌സ് യൂണിഫോം ധരിച്ച് ഇടതു കൈയിൽ ഒരു ക്രിക്കറ്റ് ബോൾ മുറുകെ പിടിച്ച് നില്‍ക്കുന്ന സയാമിയെയാണ് പോസ്‌റ്ററില്‍ കാണാനാവുക. ക്രിക്കറ്റ് താരം അനീന എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സയാമി അവതരിപ്പിക്കുന്നത്.
ഒരു പരിശീലകന്‍റെ വേഷത്തിലാണ് 'ഘൂമറില്‍' അഭിഷേക് പ്രത്യക്ഷപ്പെടുന്നത്. കറുത്ത ജാക്കറ്റും അതിന് അനുയോജ്യമായ ടി ഷർട്ടും ജോഗറുകളുമാണ് അഭിഷേക് ധരിച്ചിരിക്കുന്നത്. ജീവിതം യുക്തിയുടെ കളിയല്ല, മറിച്ച് മാന്ത്രിക ഗെയിം ആണെന്നാണ് മോഷന്‍ പോസ്‌റ്ററില്‍ പറയുന്നത്. ഭിന്നശേഷിക്കാരിയാണെങ്കിലും നിശ്ചയ ദാര്‍ഢ്യമുള്ള ഒരു ക്രിക്കറ്റ് താരത്തിന്‍റെ തീക്ഷ്‌ണത സയാമിയുടെ കഥാ കണ്ണുകളില്‍ കാണാം.
ആർ ബാൽക്കിയാണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഷബാന ആസ്‌മി, അംഗദ് ബേദി എന്നിവരും ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റത്തിനൊരുങ്ങുന്ന സാഹചര്യത്തില്‍ ദാരുണമായ ഒരു അപകടത്തിൽ വലതു കൈ നഷ്‌ടപ്പെടുകയും ഇതോടെ സ്വപ്‌നങ്ങൾ തകർന്ന യുവ ബാറ്റിങ് പ്രതിഭയായ അനീനയെ ചുറ്റിപ്പറ്റിയാണ് 'ഘൂമറി'ന്‍റെ കഥയുടെ വികസനം.
സഹതാപമില്ലാത്ത, പരാജയപ്പെട്ട, നിരാശനായ ഒരു ക്രിക്കറ്റ് താരം അനീനയുടെ ജീവിതത്തിലേക്ക് പ്രവേശിക്കുകയും അവളുടെ പുതിയ സ്വപ്നത്തിന് ഉത്തേജനം നൽകുകയും ചെയ്യുന്നു. നൂതനമായ പരിശീലനത്തിലൂടെ, ഇത്തവണ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേയ്‌ക്ക് ഒരു ബൗളറായി തിരികെ എത്തുന്നതിനായി വഴിയൊരുക്കാൻ ശ്രമിക്കുകയാണ് പരിശീലകന്‍. എതിരാളികളെ മറികടക്കാൻ ഘൂമർ എന്ന തനതായ ബൗളിങ് ശൈലി അവർ ഒരുമിച്ച് കണ്ടുപിടിക്കുകയും ചെയ്യുന്നു..
കരോലി തകാക്‌സ് പോലുള്ള വ്യക്തികളുടെയും മറ്റ് സ്‌പെഷ്യൽ അത്‌ലറ്റുകളുടെയും അവിശ്വസനീയമായ നേട്ടങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 'ഘൂമര്‍' ഒരുക്കിയിരിക്കുന്നത്. ഓഗസ്‌റ്റ് 18നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. അതേസമയം ഓഗസ്‌റ്റ് 12ന് ഇന്ത്യൻ ഫിലിം ഫെസ്‌റ്റിവൽ ഓഫ് മെൽബൺ 2023ന്‍റെ ഓപ്പണിങ് നൈറ്റില്‍ ചിത്രം അവതരിപ്പിക്കാൻ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്. ഈ സിനിമ ഏവരെയും പ്രചോദിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പ് നല്‍കുന്നത്.