തിരുനെല്‍വേലി (തമിഴ്‌നാട്): പതിനെട്ടുകാരിയായ അഭിനയ അയ്യപ്പന്‍ ബിരുദ പഠനത്തിന് തയ്യാറെടുക്കുകയാണ്. തിരുനെല്‍വേലിയിലെ റാണി അണ്ണ ഗവണ്‍മെന്‍റ് കോളജ് ഫോര്‍ വിമണില്‍ ബി.എ ഹിസ്റ്ററിക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. ഇതിലെന്ത് ഇത്ര പുതുമ എന്ന് ചിന്തിക്കാന്‍ വരട്ടെ.
തമിഴ്‌നാട്ടിലെ കനി ഗോത്ര വിഭാഗത്തില്‍ നിന്ന് ബിരുദ പഠനത്തിന് പ്രവേശനം ലഭിച്ച ആദ്യത്തെ പെണ്‍കുട്ടിയാണ് അഭിനയ. പാപനാശം-കാരയ്യാർ അണക്കെട്ടില്‍ നിന്ന് പത്ത് കിലോമീറ്റര്‍ ദൂരെ വന മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഇഞ്ചിക്കുളി എന്ന ഗ്രാമത്തില്‍ താമസിക്കുന്ന അയ്യപ്പന്‍-മല്ലിക ദമ്പതികളുടെ ഏക മകളാണ് അഭിനയ. കനി ഗോത്ര വിഭാഗത്തില്‍പ്പെട്ട എട്ട് കുടുംബങ്ങളാണ് ഇവിടെയുള്ളത്.
അടിസ്ഥാന സൗകര്യം പോലുമില്ലാത്ത ഗ്രാമം: അഭിനയയുടെ അച്ഛന്‍ അയ്യപ്പന്‍ ദിവസവും 20 കിലോമീറ്റർ നടന്ന് പഴം, കുരുമുളക്, തേന്‍ തുടങ്ങിയവ ഗ്രാമത്തിന് പുറത്ത് കൊണ്ടുപോയി വില്‍ക്കും. സാങ്കേതിക വിദ്യയുടെ കാലത്ത് ടെലിഫോണോ ഇന്‍റര്‍നെറ്റ് സൗകര്യമോ കടന്ന് ചെല്ലാത്ത ഗ്രാമമാണ് ഇഞ്ചിക്കുഴി. നദി താണ്ടി വേണം ഗ്രാമത്തിലെത്താനെന്നതിനാല്‍ മഴക്കാലത്ത് പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും.
ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ അഭിനയ തിരുനെല്‍വേലി നഗര പ്രദേശത്തെ ഒരു ഹോസ്റ്റലില്‍ നിന്നാണ് പഠിച്ചത്. കഴിഞ്ഞ വര്‍ഷം തിരുനെല്‍വേലി ഗവണ്‍മെന്‍റ് ഡിഗ്രി കോളജില്‍ അപേക്ഷിച്ചെങ്കിലും പ്രവേശനം ലഭിച്ചില്ല. നഗരത്തില്‍ തുടര്‍ന്ന് താമസിക്കാനുള്ള പണമില്ലാത്തതിനാല്‍ തിരികെ ഗ്രാമത്തിലേക്ക് മടങ്ങേണ്ടിവന്നു.
സ്വപ്‌നത്തിലേയ്ക്കുള്ള ആദ്യ ചുവട് വച്ച് അഭിനയ: ഈ വര്‍ഷം തിരുനെല്‍വേലിയിലെ വിവിധ കോളജുകളില്‍ അഭിനയ പ്രവേശനത്തിനായി അപേക്ഷിച്ചിരുന്നു. ഗ്രാമത്തില്‍ ടെലിഫോണ്‍ ടവറില്ലാത്തതിനാല്‍ ഫലമറിയാനായി അഭിനയയുടെ അച്ഛന്‍ അയ്യപ്പന്‍ എന്നും അയല്‍ ഗ്രാമത്തിലേക്ക് പോകും. അങ്ങനെയൊരു ദിവസമാണ് റാണി അണ്ണ ഗവണ്‍മെന്‍റ് ആര്‍ട്ട്സ് കോളജില്‍ അഭിനയയ്ക്ക് പ്രവേശനം ലഭിച്ചതായി അറിയിപ്പ് ലഭിക്കുന്നത്.
മകള്‍ ബിരുദധാരിയായി കാണണമെന്നാണ് പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള അയ്യപ്പന്‍റെ ഏറ്റവും വലിയ സ്വപ്‌നം. അമ്മ മല്ലികയ്ക്ക് ഔദ്യോഗിക വിദ്യാഭ്യാസം നേടാന്‍ സാധിച്ചിട്ടില്ല. പ്രവേശന തീയതിയും മറ്റ് വിവരങ്ങളും കോളജില്‍ നിന്ന് അറിയിക്കാത്തതിനാല്‍ മൊബൈല്‍ ടവറുള്ള കാരയ്യാറില്‍ താമസിക്കുകയാണ് അഭിനയയും കുടുംബവും.
അടിസ്ഥാന സൗകര്യം പോലുമില്ലാത്ത ഒരു ഗ്രാമത്തില്‍ നിന്നാണ് അഭിനയ ബിരുദം നേടണമെന്ന തന്‍റെ സ്വപ്‌നത്തിലേയ്ക്കുള്ള ആദ്യ ചുവട് വയ്ക്കുന്നത്. നന്നായി പഠിച്ച് മാതാപിതാക്കള്‍ക്കും ഗ്രാമത്തിനും അഭിമാനമാകണമെന്നാണ് അഭിനയയുടെ ആഗ്രഹം.