മുംബൈ: മഹാരാഷ്‌ട്രയിൽ നിന്ന് തട്ടിക്കൊണ്ടുപോകുന്ന സ്‌ത്രീകളെ നിർബന്ധിത വിവാഹത്തിനായി രാജസ്ഥാനിലേക്ക് കടത്തുകയാണെന്ന് പൊലീസ്. രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ സ്ത്രീ-പുരുഷ അനുപാതം കുറഞ്ഞതാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
മഹാരാഷ്ട്രയിലെ ബഹ്‌ന്ദൂപ് ഏരിയയിൽ നിന്നുള്ള 17കാരിയായ പെൺകുട്ടിയെ കാണാതായതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് പെൺകുട്ടിക്കായി തെരച്ചിൽ നടത്തുകയും ഔറംഗബാദിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്‌തു. പിന്നീടുള്ള അന്വേഷണത്തിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കച്ചവടക്കാർ വിറ്റു എന്നും, രാജസ്ഥാനിലെ ജലോർ സ്വദേശിയായ 50കാരനായ ഭാവറാം മാലിയെക്കൊണ്ട് പെൺകുട്ടിയെ നിർബന്ധിത വിവാഹം കഴിപ്പിക്കുകയും ചെയ്‌തതായി കണ്ടെത്തി.
ഇതിനെ തുടർന്നുള്ള അന്വേഷണമാണ് മഹാരാഷ്‌ട്രയിൽ സ്‌ത്രീകളെ കാണാതായ കേസുകളുടെ വഴിത്തിരിവായത്. മുംബൈ പൊലീസിന്‍റെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം (2022) കുറഞ്ഞത് 1,164 പെൺകുട്ടികളെ കാണാതായ പരാതികൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ആകെ ലഭിച്ച പരാതികളിൽ 1,047 കേസുകൾ പൊലീസ് അന്വേഷിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. 2021ൽ 1,103 തട്ടിക്കൊണ്ടുപോകൽ കേസുകൾ രജിസ്റ്റർ ചെയ്‌തു. 949 കേസുകൾ അന്വേഷണം നടത്തി വിജയിച്ചു.
2020ൽ ആകെ 779 തട്ടിക്കൊണ്ടുപോകൽ കേസുകൾ രജിസ്റ്റർ ചെയ്‌തു. അവയിൽ 678 കുറ്റകൃത്യങ്ങൾ അന്വേഷിച്ചു. സ്ത്രീകളുടെ ദാരിദ്ര്യം മുതലെടുത്ത് ഒന്നു മുതൽ രണ്ടു ലക്ഷം രൂപയ്‌ക്ക് വരെയാണ് ലേലം ചെയ്യുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഒന്നുകിൽ പണം തട്ടിയെടുക്കുന്നതിന് വേണ്ടി അല്ലെങ്കിൽ മനുഷ്യക്കടത്തിനായാണ് ഇവർ സ്‌ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020നും 2022നും ഇടയിൽ, മുംബൈയിൽ സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതിന്‍റെ ഗ്രാഫ് വർധിച്ചുകൊണ്ടിരിക്കുകയാണ്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (NCRB) സമീപകാല റിപ്പോർട്ട് അനുസരിച്ച്, 2021-ൽ നിർബന്ധിത വിവാഹത്തിനായി തട്ടിക്കൊണ്ടുപോയ 418 സ്‌ത്രീകളിൽ 363 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഉൾപ്പെടുന്നു.