ന്യൂഡല്‍ഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളം ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഘടകങ്ങള്‍ നവീകരിക്കാനൊരുങ്ങി എഎപി. കേരളം, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ ഘടകങ്ങളിലാണ് എഎപി അഴിച്ചുപണി നടത്താനൊരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിലെയും പാര്‍ട്ടി ഘടകങ്ങള്‍ പിരിച്ചു വിട്ടു.
ജനുവരി 24നാണ് ആം ആദ്‌മി പാര്‍ട്ടിയുടെ കേരള ഘടകം പിരിച്ചു വിട്ടത്. മറ്റു പാര്‍ട്ടികളിലേതു പോലെ ബ്ലോക്ക്, ജില്ല, സംസ്ഥാന തലങ്ങളില്‍ പുതിയ ഭാരവാഹികളെ ഉടന്‍ തെരഞ്ഞെടുക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ മേഖല യോഗങ്ങള്‍ നടത്തിയ ശേഷം ഡല്‍ഹിയിലെ പാര്‍ട്ടി കേന്ദ്ര നേതൃത്വം പുതിയ ഭാരവാഹികളുടെ പേരുകള്‍ പ്രഖ്യാപിക്കും.
എഎപി ദേശീയ ജനറല്‍ സെക്രട്ടറി സന്ദീപ് പഥകിന്‍റെ മേല്‍നോട്ടത്തിലാകും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. നിരവധി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാകും പുതിയ കേരള ഘടകത്തിന്‍റെ രൂപീകരണം. നിലവില്‍ കേരളത്തില്‍ സംസ്ഥാന കണ്‍വീനര്‍ പി സി സിറിയക് ആണ് ആം ആദ്‌മി പാര്‍ട്ടിയെ നയിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്‌ചയാണ് എഎപിയുടെ ഹരിയാന ഘടകം പിരിച്ചുവിട്ടത്. 2024 ലെ ലോക്‌സഭ, അസംബ്ലി തെരഞ്ഞെടുപ്പുകള്‍ മുന്‍ നിര്‍ത്തി പാര്‍ട്ടിയുടെ ജില്ല ഘടകം പിരിച്ചുവിട്ടതായും ബ്ലോക്ക്, ജില്ല, സംസ്ഥാനം എന്നീ തലങ്ങളില്‍ പുതിയ കമ്മിറ്റികള്‍ രൂപീകരിച്ച് മുന്നോട്ട് പ്രവര്‍ത്തിക്കുമെന്നും ഹരിയാനയിലെ എഎപി നേതാവ് അനുരാഗ് ദണ്ഡ വ്യക്തമാക്കി. പാര്‍ട്ടിയുടെ മേഖല യോഗങ്ങള്‍ ഇന്നലെയും ഇന്നുമായി ഗുരുഗ്രാം, റോഹ്‌തക് എന്നീ ജില്ലകളില്‍ നടക്കുകയാണ്.
കൂടാതെ ബ്ലോക്ക് തല യോഗം ഇന്ന് ഹിസാറിലും കുരുക്ഷേത്രയിലും നടക്കും. ആം ആദ്‌മി പാര്‍ട്ടിയിലേക്ക് കൂടുതല്‍ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പാര്‍ട്ടി വിപുലീകരിക്കുകയാണെന്ന് അനുരാഗ് ദണ്ഡ പറഞ്ഞു. ആം ആദ്‌മിയുടെ പുതിയ യൂണിറ്റുകള്‍ കേരളത്തിലും മധ്യപ്രദേശിലും ഹരിയാനയിലും ഉടന്‍ രൂപീകരിക്കുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് വ്യക്തമാക്കി.
ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ ആം ആദ്‌മി പാര്‍ട്ടി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും സന്ദീപ് പഥക് പറഞ്ഞു.