അഹമ്മദാബാദ്: ഡിസംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയുമായി നേരിട്ടുള്ള പോരാട്ടത്തിന് തയ്യാറാണെന്ന് ആം ആദ്‌മി പാർട്ടി. ഗുജറാത്തിലെ പുനഃസംഘടിപ്പിച്ച യൂണിറ്റിലെ പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിക്കുകയായിരുന്നു ആം ആദ്‌മി പാർട്ടി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുന:സംഘടന നടത്തുന്നതിനായി ബുധനാഴ്‌ചയാണ് പാർട്ടി യൂണിറ്റ് പിരിച്ചു വിട്ടത്.
അടുത്തിടെ നടത്തിയ പരിവർത്തൻ യാത്രയിലും ഗ്രാമതല യോഗങ്ങളിലും ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തുവെന്നും, 30,000-ത്തിലധികം ആളുകൾ പാർട്ടിയിൽ സജീവ അംഗത്വം എടുത്തുവെന്നും എഎപിയുടെ ഗുജറാത്ത് ഇൻചാർജ് സന്ദീപ് പഥക് അവകാശപ്പെട്ടു. ഇത്തവണ ബിജെപിയും എഎപിയും തമ്മിലാണ് രാഷ്‌ട്രീയ പോരാട്ടം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും മികച്ച സംഘടനാശേഷിയുള്ള ഏത് പാർട്ടിയെയും വെല്ലുവിളിക്കാൻ ഗുജറാത്ത് എഎപി യൂണിറ്റിന് ഇപ്പോൾ കഴിയും. പഞ്ചാബിലും ഡൽഹിയിലും ഞങ്ങളുടെ സംഘടന ശക്തമാണ്. ഗുജറാത്തിൽ സംഘടന രൂപീകരിക്കുന്നതിൽ ഞങ്ങൾക്ക് ലഭിച്ച പിന്തുണ പഞ്ചാബിനെക്കാൾ ഇരട്ടിയാണ്. ഞങ്ങളുടെ സംഘടന സംസ്ഥാനത്ത് മാറ്റം കൊണ്ടുവന്ന് പൊതുജനങ്ങളുടെ പ്രതീക്ഷ നിറവേറ്റും, പതക് കൂട്ടിച്ചേർത്തു.
പാർട്ടി പുറത്തുവിട്ട പട്ടിക പ്രകാരം ഗുജറാത്തിലെ പുനഃസംഘടിപ്പിച്ച യൂണിറ്റിൽ 850 അംഗങ്ങൾ ഇടം നേടിയിട്ടുണ്ട്. കിഷോർ ദേശായിയാണ് സംസ്ഥാന പ്രസിഡന്‍റ്. മനോജ് സൊറാത്തിയയെ സംസ്ഥാന ജനറൽ സെക്രട്ടറിയായും കൈലാഷ് ഗാധ്വിയെ ട്രഷററായും നിയമിച്ചു. ഇസുദൻ ഗാധ്വിയെ ദേശീയ ജോയിന്‍റ് ജനറൽ സെക്രട്ടറിയായും ഇന്ദ്രനിൽ രാജ്‌ഗുരുവിനെ ദേശീയ ജോയിന്‍റ് സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.