ന്യൂഡൽഹി: ഡൽഹി സർക്കാരിനെ താഴെയിറക്കാൻ ബിജെപി നീക്കം നടത്തുന്നുവെന്ന ആരോപണവുമായി ആംആദ്‌മി പാര്‍ട്ടി. ആം ആദ്‌മി എംഎൽഎമാരെ കാശ് നൽകിയും ഭീഷണിപ്പെടുത്തിയും വശത്താക്കാൻ ശ്രമിക്കുകയാണ്. മുതിർന്ന എഎപി നേതാക്കൾ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം ആരോപിച്ചത്.
ബിജെപി നൽകുന്ന 20 കോടി രൂപ സ്വീകരിക്കാം അല്ലെങ്കിൽ സിബിഐ കേസ് നേരിടേണ്ടി വരുമെന്ന് ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് പാർട്ടി വക്താവും രാജ്യസഭ എംപിയുമായ സഞ്‌ജയ് സിങ് ആരോപിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി സർക്കാർ രാജ്യതലസ്ഥാനത്തെ ഭരണം പിടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വാഗ്‌ദാനം സ്വീകരിച്ചില്ലെങ്കിൽ മനീഷ് സിസോദിയയുടെ അവസ്ഥ വരുമെന്ന് ഭീഷണിപ്പെടുത്തിയതായും എഎപി ആരോപിച്ചു.
ആംആദ്‌മി നിയമസഭ അംഗങ്ങളായ അജയ് ദത്ത്, സഞ്ജീവ് ഝാ, സോംനാഥ് ഭാരതി എന്നിവരെയാണ് ബിജെപി നേതാക്കൾ സമീപിച്ചത്. 20 കോടിയാണ് ഓരോരുത്തർക്കും ബിജെപി വാഗ്‌ദാനം ചെയ്‌തത്. എന്നാൽ മറ്റ് എംഎൽഎമാരെ കൂടി ബിജെപിയിൽ ചേർത്താൽ 25 കോടി നൽകാമെന്നും പറഞ്ഞു.
ഇത് വളരെ ഗൗരവമേറിയ വിഷയമാണ്. കോഴ നൽകി എംഎൽഎമാരെ വശപ്പെടുത്താനുള്ള ശ്രമമാണ്. ഡൽഹി സർക്കാരിനെ തകർക്കാനാണ് ബിജെപി നോക്കുന്നത് എന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.