ഡെറാഡൂണ്‍ : ആം ആദ്മി പാർട്ടി (Aam Admi Party) അധികാരത്തിൽ വന്നാൽ ഉത്തരാഖണ്ഡിൽ സൗജന്യ തീർഥാടന പദ്ധതി നടപ്പാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഹിന്ദുക്കള്‍ക്ക് അയോധ്യയിലേക്കും മുസ്ലിങ്ങള്‍ക്ക് അജ്മീർ ഷെരീഫിലേക്കും സിഖുകാര്‍ക്ക് കർതാർപൂർ സാഹിബിലേക്കും സൗജന്യമായി പോകാന്‍ അവസരമൊരുക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു. ഞായറാഴ്ച ഹരിദ്വാറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗജന്യ തീര്‍ഥാടന പദ്ധതി നടപ്പാക്കി ഡല്‍ഹി
ഡല്‍ഹിയിലെ വയോജനങ്ങള്‍ക്കായി സര്‍ക്കാര്‍ സമാന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഹരിദ്വാര്‍ ഉള്‍പ്പടെയുള്ള 12 തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് എ.സി ട്രെയിനുകളില്‍ വയോധികരെ അയക്കുന്നതാണ് പദ്ധതി. യാത്ര സൗജന്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്കുള്ള ഭക്ഷണവും താമസവും സൗജന്യമായിരിക്കും. ഇതുവരെ 36,000 പേർക്ക് പദ്ധതിയുടെ ഗുണം ലഭിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
Also Read:Thrash bystander| കൂട്ടിരിപ്പുകാര്‍ക്ക് മര്‍ദനം; കര്‍ശന നടപടിയുമായി സര്‍ക്കാര്‍
ആളുകളെ സൗജന്യമായി അയോധ്യയിലേക്ക് കൊണ്ടുപോകുന്നതിനായി ഡിസംബർ മൂന്ന് മുതല്‍ ഡൽഹിയിൽ നിന്ന് ട്രെയിൻ സര്‍വീസ് ആരംഭിക്കും. ഉത്തരാഖണ്ഡിൽ അധികാരത്തിലെത്തിയാൽ സമാനമായ സൗജന്യ തീർഥാടന പദ്ധതി ഇവിടുത്തെ ജനങ്ങൾക്കായി അവതരിപ്പിക്കും.
സാധാരണക്കാർ നേരിടുന്ന പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യത്തെ ഏക പാർട്ടിയാണ് എഎപിയെന്ന് കെജ്‌രിവാൾ അവകാശപ്പെട്ടു. നല്ല ആശുപത്രികൾ, സ്കൂളുകൾ, റോഡുകൾ എന്നിങ്ങനെയുള്ള കാര്യങ്ങളിലാണ് തങ്ങൾ ഊന്നൽ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓട്ടോ തൊഴിലാളികളെ ലക്ഷ്യംവച്ച് എഎപി
സംസ്ഥാനത്ത് എഎപി സർക്കാർ രൂപീകരിച്ചാൽ ഡൽഹിയിൽ ചെയ്തതുപോലെ ഓട്ടോ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കും. ഉത്തരാഖണ്ഡിലെ എല്ലാ കര്‍ഷകര്‍ക്കും വൈദ്യുതി ലഭ്യമാക്കും. 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി എത്തിയതായിരുന്നു കെജ്‌രിവാള്‍.ഹരിദ്വാറിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരുമായി കെജ്‌രിവാൾ കൂടിക്കാഴ്ച നടത്തി. അടുത്ത വര്‍ഷം ആദ്യമാണ് ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ്.